scorecardresearch

പോരാട്ടത്തിനൊരുങ്ങി കെ മുരളീധരൻ എത്തി; ആവേശമായി അണികൾ

ഡൽഹിയിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുരളീധരനെ പാര്‍ട്ടി പ്രവർത്തകർ എടുത്തുയര്‍ത്തി സ്വീകരിച്ചു

ഡൽഹിയിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുരളീധരനെ പാര്‍ട്ടി പ്രവർത്തകർ എടുത്തുയര്‍ത്തി സ്വീകരിച്ചു

author-image
WebDesk
New Update
K Muraleedharan MP, കെ മുരളീധരൻ എംപി, Nemam, നേമം, UDF, യുഡിഎഫ്, Assembly elections 2021, നിയമസഭാ തിരഞ്ഞെുപ്പ് 2021, Kerala Assembly elections 2021,കേരള നിയമസഭാ തിരഞ്ഞെുപ്പ് 2021, UDF candidate list, യുഡിഎഫ് സ്ഥാനാർഥി പട്ടിക, Indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam,ഐഇ മലയാളം

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരനു തിരുവനന്തപുരത്ത് പ്രവര്‍ത്തകരുടെ ആവേശോജ്വല സീകരണം. ഡല്‍ഹിയില്‍നിന്നു തിരിച്ചെത്തിയ മുരളീധരന്‍ വൈകീട്ട് അഞ്ചിനുശേഷമാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. വിമാനത്താവളത്തിനു പുറത്തെത്തിയ മുരളീധരനെ, പാര്‍ട്ടി പതാകയുമായി എത്തിയ പ്രവര്‍ത്തകർ സ്വീകരിച്ച് എടുത്തുയര്‍ത്തി. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ നേമത്തേക്ക് ആനയിച്ചു.

Advertisment

ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചാല്‍ നേമം സീറ്റ് ബിജെപിയില്‍നിന്നു  തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയോ ഉമ്മന്‍ ചാണ്ടിയെയോ നേമത്ത് മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം നടത്തിയിരുന്നു. ഇവരിലാരെങ്കിലും നേമത്ത് മത്സരിക്കുന്നതിലൂടെ കേരളത്തിന്റെ മൊത്തം ജനവിധിയെ അനുകൂലമാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു ദേശീയ നേതൃത്വം. എന്നാല്‍ സിറ്റിങ് മണ്ഡലത്തില്‍നിന്ന് മാറില്ലെന്ന നിലപാടില്‍ ഇരുവരും ഉറച്ചുനില്‍ക്കുകയായിരുന്നു.

Read More: നേമത്തെ രാഷ്ട്രീയ പോര്; വോട്ട് കണക്കുകൾ ഇങ്ങനെ

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തശേഷമാണു കെ മുരളീധരന്‍ നേമത്ത് എത്തിയത്. തുടര്‍ച്ചയായി ഒരാഴ്ചത്തെ തടസങ്ങള്‍ക്കുശേഷം ലോക്‌സഭ തിങ്കളാഴ്ച വീണ്ടും ചേര്‍ന്നപ്പോള്‍, എല്ലാവരുടെയും ശ്രദ്ധ കെ മുരളീധരനിലേക്കായിരുന്നു. നേമത്ത് മത്സരിക്കാന്‍ മുരളീധരന്‍ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. കഴിഞ്ഞവര്‍ഷം ബിജെപി പിടിച്ചെടുത്ത സീറ്റില്‍ മത്സരിക്കാന്‍ തയാറാണെന്നും തനിക്ക് ആദായനികുതി റെയ്ഡിനെ പേടിയില്ലെന്നും പ്രഖ്യാപിച്ചാണു മുരളീധരന്‍ നേമത്തിന്റെ ജനവിധി അനുകൂലമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

Advertisment

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന നേമം 2011ലാണു യുഡിഎഫിനു നഷ്ടപ്പെട്ടത്. 2006ല്‍ കോണ്‍ഗ്രസിലെ എന്‍ ശക്തന്‍ 10,749 വോട്ടിനു സിപിഎമ്മിലെ വെങ്ങാനൂര്‍ ഭാസ്‌കരനെയാണു തോല്‍പ്പിച്ചത്. എന്‍ ശക്തനു 60,884 വോട്ടും വെങ്ങാനൂര്‍ ഭാസ്‌കരനു 50,135 വോട്ടും ബിജെപിയിലെ എം രാധാകൃഷ്ണനു 6,705 വോട്ടുമാണ് ലഭിച്ചത്.

2011ല്‍ സിപിഎമ്മിലെ വി ശിവന്‍ കുട്ടി 50,076 വോട്ട് നേടി 6,416 വോട്ടിനു വിജയിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി 43,661 വോട്ടുമായി രണ്ടാം സ്ഥാനത്തേക്കു കുതിച്ചുയര്‍ച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എസ്‌ജെഡിയിലെ ചാരുപാറ രവിക്കു 20,248 വോട്ട് മാത്രമാണ് ലഭിച്ചത്.

Read More: കീറാമുട്ടിയായി ഇരിക്കൂർ; ഗ്രൂപ്പ് തർക്കം മുറുകുന്നു

2016ല്‍ ബിജെപി വോട്ട് വീണ്ടും വര്‍ധിച്ച് ഒ. രാജഗോപാല്‍ 8,671 വോട്ടിനു വിജയിച്ചു. 67,813 വോട്ടായിരുന്നു ബിജെപിയുടെ നേട്ടം. വീണ്ടും ജനവിധി തേടിയ സിപിഎമ്മിലെ വി ശിവന്‍ കുട്ടി 59,142 വോട്ട് നേടി. അതായത് എല്‍ഡിഎഫ് വോട്ട് ഒന്‍പതായിരത്തോളം വര്‍ധിച്ചു. അതേസമയം,യുഡിഎഫ് വോട്ട് വീണ്ടും കുറഞ്ഞ് 13,860 ആയി. ജെഡിയുവിലെ വി. സുരേന്ദ്രന്‍ പിള്ളയാണ് കഴിഞ്ഞതവണ യുഡിഎഫിനുവേണ്ടി ജനവിധി തേടിയത്.

ബിജെപിയുമായുള്ള ഒത്തുകളിയാണു കഴിഞ്ഞ രണ്ടു തവണയും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാന്‍ എന്ന ശക്തമായ ആരോപണമാണു സിപിഎം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണു ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കണമെന്ന നിലപാടിലേക്കു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എത്തിയത്. ദേശീയതലത്തില്‍ കോൺഗ്രസ് ക്ഷീണിച്ചിരിക്കുന്ന സാഹചര്യത്തില്‍, ബിജെപിയില്‍നിന്നു സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ അത് രാജ്യമെങ്ങും ശക്തമായ സന്ദേശം നല്‍കുമെന്ന വീക്ഷണവും ഹൈക്കമാൻഡിന്റെ ഈ തീരുമാനത്തിനു പിന്നിലുണ്ട്.

നിലവിൽ വടകര എംപിയായ കെ മുരളീധരൻ അതിനു മുൻപ് രണ്ടുവട്ടം വട്ടിയൂർക്കാവ് എംഎൽഎയായിരുന്നു. വടകരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി പി ജയരാജനെ സിപിഎം തീരുമാനിച്ചതിനെത്തുടർന്ന് ശക്തമായ മത്സരത്തിനായി കോൺഗ്രസ് നേതൃത്വത്തെ മുരളീധരൻ തന്റെ സന്നദ്ധത അറിയിക്കുകയായിരുന്നു. വടകരയിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മുരളീധരൻ രാജിവച്ച വട്ടിയൂർക്കാവ് നിയമസഭാ സീറ്റ് തിരുവനന്തപുരം മുൻ മേയർ വികെ പ്രശാന്തിലൂടെ 2019ലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം പിടിച്ചെടുത്തിരുന്നു.

Kerala Assembly Elections 2021 K Muraleedharan Loksabha Petrol Price

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: