ന്യൂഡൽഹി: പ്രമുഖ നടിക്കുനേരെയുള്ള ആക്രമണത്തിൽ അപലപിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണം. എങ്കിൽ മാത്രമേ ഇത്തരം സംഭവങ്ങൾ തടയാനാകൂവെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

ആദ്യമായാണ് സംഭവത്തിൽ ഒരു കേന്ദ്രമന്ത്രി പ്രതികരിക്കുന്നത്. നേരത്തെ നടിക്കു പിന്തുണയുമായി ബോളിവുഡ് സിനിമാലോകം രംഗത്തെത്തിയിരുന്നു. ഫർഗാൻ അക്തർ, അർജുൻ കപൂർ, ശ്രദ്ധ കപൂർ, വരുൺ ധവാൻ തുടങ്ങിയ താരങ്ങൾ ട്വിറ്ററിലൂടെ നടിക്ക് പിന്തുണ അറിയിച്ചിരുന്നു.

വെളളിയാ‌ഴ്‌ച രാത്രിയാണ് നടി ആക്രമണത്തിന് ഇരയായത്. തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന നടിയെ അത്താണിയിൽ വച്ച് ഒരു സംഘം തട്ടിക്കൊണ്ട് പേവുകയായിരുന്നു. പിന്നീട് പാലാരിവട്ടത്ത് കാറിൽ ഉപേക്ഷിച്ചെങ്കിലും ഇതിനോടകം നടിയുടെ അപകീർത്തികരമായ ചിത്രങ്ങളും ദൃശ്യങ്ങളും സംഘം പകർത്തിയതായി പരാതിയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook