നെയ്‌റോബി: പടിഞ്ഞാറ കെനിയയിലെ പ്രൈമറി സ്‌കൂളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 കുട്ടികള്‍ മരിച്ചു. കുട്ടികള്‍ സ്‌കൂള്‍ വിട്ട് പോകുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകട കാരണം. 40 കുട്ടികള്‍ക്ക് പരുക്കേറ്റു. ഇരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിച്ചു. ചിലരെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടു പോയി.

വിദ്യാഭ്യാസമന്ത്രി ജോർജ്ജ് മഗോഹ 14 മരണങ്ങളും സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നു.

“ഒരു കുട്ടിയുടെ നഷ്ടം വളരെ വേദനാജനകമാണ്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് എന്റെ അനുശോചനം,” മഗോഹ സിറ്റിസൺ ടിവിയോട് പറഞ്ഞു. കുട്ടികളിൽ ചിലർ ഓടുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണതായി ഡെയ്‌ലി നേഷൻ പത്രം പറഞ്ഞു.

Read More: കൊറോണയിൽ മരണം 425; പോരായ്മകൾ അംഗീകരിച്ച് ചൈന

തലസ്ഥാന നഗരമായ നെയ്‌റോബിയുടെ വടക്ക് പടിഞ്ഞാറുള്ള കകമെഗ പ്രൈമറി സ്‌കൂളിലാണ് തിങ്കളാഴ്ച ഉച്ചയോടെ രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. തിക്കും തിരക്കും ഉണ്ടാകാനിടയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കകമെഗ പൊലീസ് കമാന്‍ഡര്‍ ഡേവിഡ് കബേന പറഞ്ഞു.

മൂന്നു നിലയുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഇടുങ്ങിയ കോണിപ്പടിയിലൂടെ കുട്ടികള്‍ തിരക്കു കൂട്ടി ഇറങ്ങിയതാകാം ദുരന്തത്തിന് ഇടയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം അഞ്ച് മണിയ്ക്ക് സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്.

കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിക്ക് പുറത്ത് ആളുകൾ തടിച്ചുകൂടിയതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കാണാം. ദുരന്ത നിവാരണത്തിനായി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി കെനിയ റെഡ് ക്രോസ് ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിന്റെ കാരണം എന്താണെന്ന് ഉടൻ അന്വേഷിച്ച് കണ്ടെത്തണമെന്ന് കെനിയയുടെ മുൻ പ്രധാനമന്ത്രി റൈല ഓഡിംഗ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നെയ്‌റോബിയിലെ ഒരു പ്രൈമറി സ്‌കൂളിൽ ക്ലാസ് റൂം തകർന്ന് എട്ട് വിദ്യാർത്ഥികൾ മരിക്കുകയും 69 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook