നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഉഹ്റു കെനിയാത്തയുടെ വിജയത്തെ തുടർന്ന് ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിൽ 24 പേർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യാപക കൃത്രിമം നടത്തിയെന്ന ആരോപണവുമായി എതിരാളിയായ റൈല ഒഡിംഗ രംഗത്തെത്തിയതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്.
പല സ്ഥലങ്ങളിലും പ്രതിപക്ഷവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് വെടിവെപ്പിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കുന്നത്. മരിച്ചവരിൽ ഒമ്പത് വയസുകാരിയായ പെൺകുട്ടിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.
2007ൽ കെനിയയിൽ തെരഞ്ഞെടുപ്പിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ലഹളയിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു.