Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ചർച്ച തത്സമയം സംപ്രേഷണം ചെയ്തതിൽ പ്രധാനമന്ത്രിക്ക് അതൃപ്തി; ഖേദം പ്രകടിപ്പിച്ച് കേജ്‌രിവാൾ

കേന്ദ്രത്തിൽ നിന്നുണ്ടായ കടുത്ത വിമർശനങ്ങൾക്ക് പിന്നീട് കേജ്‌രിവാളിന്റെ ഓഫീസ് ഖേദ പ്രകടനവുമായി എത്തി

ഡൽഹി: കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ച ഡൽഹി സർക്കാർ തത്സമയം സംപ്രേഷണം ചെയ്തതിൽ അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും. അരവിന്ദ് കേജ്‌രിവാൾ രാഷ്ട്രീയം കളിക്കുകയാണെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. പ്രധാനമന്ത്രിയുമായുള്ള സ്വാകാര്യ സംഭാഷണം സംപ്രേഷണം ചെയ്യാനെടുത്ത തീരുമാനത്തോടെ കേജ്‌രിവാൾ തരംതാഴ്ന്ന് പോയെന്നും കേന്ദ്രം വിമർശിച്ചു.

”കേജ്‌രിവാളിന്റെ പ്രസംഗം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടി ഉള്ളതായിരുന്നില്ല പകരം വെറും രാഷ്ട്രീയം കളിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഉള്ളതായിരുന്നു. എല്ലാ മുഖ്യമന്ത്രിമാരും നിലവിലെ സാഹചര്യത്തെ മറികടക്കാൻ എന്ത് ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് മാത്രം എന്ത് ചെയ്യുന്നു എന്ന് പറയാനുണ്ടായിരുന്നില്ല” കേന്ദ്ര വക്താവ് പറഞ്ഞു.

“കേജ്‌രിവാൾ ഓക്സിജൻ എയർലിഫ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പറയുന്നുണ്ടായിരുന്നു. പക്ഷെ അത് നിലവിൽ ചെയ്ത് കഴിഞ്ഞു എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹം റെയിൽ മാർഗമുള്ള ഓക്സിജൻ എക്‌സ്പ്രസിനെ കുറിച്ചു പറഞ്ഞു പക്ഷെ ഇതു സംബന്ധിച്ച് അദ്ദേഹം റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടില്ല എന്നാണ് അവർ പറയുന്നത്.” കേന്ദ്ര സർക്കാർ പറഞ്ഞു.

കേന്ദ്രത്തിൽ നിന്നുണ്ടായ ഈ കടുത്ത വിമർശനങ്ങൾക്ക് പിന്നീട് കേജ്‌രിവാളിന്റെ ഓഫീസ് ഖേദ പ്രകടനവുമായി എത്തി. പ്രധാനമന്ത്രിയുമായുള്ള ചർച്ച സംപ്രേഷണം ചെയ്യാൻ പാടില്ല എന്ന തരത്തിലുള്ള നിർദേശങ്ങളൊന്നും രേഖമൂലമോ വാക്കാലോ ലഭിച്ചിരുന്നില്ലന്നും ഇതിനു മുൻപ് പല അവസരങ്ങളിലും നടന്ന ചർച്ചകൾ സംപ്രേഷണം ചെയ്തിട്ടുണ്ടെന്നും എന്നാൽ അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

Read Also: മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 13 മരണം

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ചർച്ചക്കിടയിൽ കേജ്‌രിവാൾ, രാജ്യത്തെ ഓക്സിജൻ പ്ലാന്റുകൾ പട്ടാളം ഏറ്റെടുക്കണമെന്നും എല്ലാ മുഖ്യമന്ത്രിമാരോടും ഡൽഹിയിലേക്കുള്ള ഓക്സിജൻ നീക്കം എളുപ്പമാക്കാൻ സഹകരിക്കാൻ കേന്ദ്രം പറയണമെന്നും ആവശ്യപ്പെട്ടു.

വാക്സിൻ നയത്തിൽ മാറ്റം വരുത്തണമെന്നും ”ഒരു രാജ്യം, ഒരു വില” എന്ന നയം കൊണ്ടുവരണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ കേജ്‌രിവാൾ നുണ പറയുകയാണെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. കേന്ദ്രം ഒരു ഡോസ് വാക്സിൻ പോലും എടുത്ത് വെക്കുന്നില്ലെന്നും എല്ലാം സംസ്ഥനങ്ങൾക്ക് വിതരണം ചെയ്യുകയാണെന്നും കേന്ദ്രം പറഞ്ഞു.

ഡൽഹിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഓക്സിജനും ഐസിയു കിടക്കകൾക്കും വലിയ ക്ഷാമമാണ് സംസ്ഥാനം നേരിടുന്നത്. ഡൽഹിക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിന് ഹൈക്കോടതി വരെ ഇടപെട്ടെങ്കിലും വിഷയത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kejriwals televised comments during meeting with pm draws centres ire cmo regrets

Next Story
മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 13 മരണംVasai hospital fire, hospital fire, mumbai news, vasai virar hospitali fire, covid patients dead, covid hospital fire, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com