ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യതലസ്ഥാനം കലാപഭൂമിയായി മാറിയിരിക്കുകയാണ്. ഡൽഹിയിലെ വിവിധ മേഖലകളിൽ നടന്ന ഏറ്റുമുട്ടലുകളിലും അക്രമണങ്ങളിലും പത്തോളം ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത്. ഈ സാഹചര്യത്തിൽ രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയിൽ പാർഥനയുമായി എത്തിയിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.

ഡൽഹിയിലെ ക്രമസമാധാന നില വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അരവിന്ദ് കേജ്‌രിവാൾ രാജ്ഘട്ടിലെത്തിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആം ആദ്മി എംഎൽഎമാരും നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന സംഘര്‍ഷങ്ങളില്‍ രാജ്യത്തിനു മുഴുവനും ആശങ്കയുണ്ടെന്ന് കേജ്‌രിവാൾ പറഞ്ഞു. ജീവനും സ്വത്തും നഷ്ടപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുകയാണെങ്കില്‍ അത് എല്ലാവരെയും ബാധിക്കും. അഹിംസയുടെ അനുയായി ആയിരുന്ന ഗാന്ധിജിയോടു പ്രാര്‍ഥിക്കാനാണ് തങ്ങൾ രാജ്ഘട്ടിലെത്തിയതെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

അക്രമബാധിത പ്രദേശങ്ങളിലെ എല്ലാ ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാനം നിലനിർത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു. നേരത്തെ അക്രമത്തിൽ പരുക്കേറ്റവർ കഴിയുന്ന ഡൽഹിയിലെ ജിടിബി ആശുപത്രിയിലും മുഖ്യമന്ത്രിയും സംഘവും സന്ദർശനം നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook