മദ്യനയക്കേസില്‍ സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മടങ്ങി. ഒന്‍പത് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് കേജ്രിവാള്‍ പുറത്തിറങ്ങിയത്. കേസ് കെട്ടച്ചമച്ചതാണെന്നും വൃത്തികെട്ട രാഷ്ട്രിയത്തിന്റെ ബാക്കിപത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ന് രാവിലെ 11നാണ് കെജ്രിവാള്‍ സിബിഐക്ക് മുന്നില്‍ ഹാജരായത്. ഇതിന് മുന്നോടിയായി കെജ്രിവാളിന്റെ ഓഫീസിന് പുറത്ത് കനത്ത സുരക്ഷയാണ് വിന്യസിച്ചിരുന്നത്.സിബിഐക്ക് മുന്നില്‍ ഹാജരാകുന്നതിന് മുമ്പ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ബിജെപിയെ നേതാക്കള്‍ ”എന്റെ അറസ്റ്റ് ആവശ്യപ്പെടുകയാണ്, ഒരുപക്ഷെ പാര്‍ട്ടി എന്നെ അറസ്റ്റ് ചെയ്യാന്‍ സിബിഐയോട് ഉത്തരവിട്ടിരിക്കാം” കെജ്‌രിവാള്‍ പറഞ്ഞു.
സിബിഐ സമന്‍സിനോട് പ്രതികരിച്ച കെജ്രിവാള്‍ താന്‍ സിബിഐക്ക് മുന്നില്‍ ഹാജരാകുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെയുള്ള വേട്ട തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ‘തല മുതല്‍ കാല്‍ വരെ അഴിമതിയില്‍ മുങ്ങി’ എന്നും ആരോപിച്ചു.
ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ‘അഭൂതപൂര്‍വം’ എന്നാണ് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പ്രതിരികിച്ചത്. അതേസമയം ഇന്ന് ഡല്‍ഹി നിയമസഭ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചു. വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള എംഎല്‍എമാര്‍ തമ്മിലുള്ള ഈ ഔദ്യോഗിക ചര്‍ച്ച ജനങ്ങളുടെ ചര്‍ച്ചയാണ്, അത് വളരെ പ്രധാനമാണ്. അതിനാലാണ് സമ്മേളനം വിളിച്ചതെന്നും എഎപി മന്ത്രി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ മദ്യനയം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴ ഇടപാട് നടന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. നയം ചില ഡീലര്‍മാര്‍ക്ക് അനുകൂലമായെന്നും ആരോപിക്കപ്പെടുന്നു, എന്നാല്‍ എഎപി ആരോപണം ശക്തമായി തള്ളിയെങ്കിലും നയം പിന്നീട് റദ്ദാക്കി.