ഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. സമരത്തോട് പ്രതികരിക്കാതെ കേന്ദ്രം അവഗണന തുടരുകയാണ്. ഇതേ തുടര്‍ന്ന് ഇന്ന് ചേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലേക്ക് എഎപി നേതാക്കള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍, വികസനകാര്യ മന്ത്രി ഗോപാല്‍ റായി എന്നിവരാണ് മുഖ്യമന്ത്രിയ്‌ക്കൊപ്പം കുത്തിയിരിപ്പു സമരം നടത്തുന്നത്.

സര്‍ക്കാരുമായി നിസ്സഹകരണം തുടരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തീരുമാനം മോദിയുടെ അനുഗ്രഹാശിസ്സുകളോടെയെന്ന് അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ലഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുന്നതിനും പിന്നിലും പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ അരവിന്ദ് കേജ്‌രിവാളും മൂന്നു മന്ത്രിമാരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പിണറായി ഉള്‍പ്പെടെ നാല് സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.

നാല് മുഖ്യമന്ത്രിമാരും പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണറെ കാണാന്‍ നാല് പേരും അനുവാദം ചോദിച്ചിരുന്നെങ്കിലും അദ്ദേഹം ഇപ്പോള്‍ വീട്ടിലില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

നീതി ആയോഗ് യോഗത്തിനെത്തിയതായിരുന്നു നാല് മുഖ്യമന്ത്രിമാരും. കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ക്കൊപ്പം പിണറായി വിജയനും മമത ബാനര്‍ജിയും ആദ്യം ആന്ധ്രപ്രദേശ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook