/indian-express-malayalam/media/media_files/uploads/2019/03/Supreme-Court-of-India.jpg)
ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ 2018-ലെ വിധി സായുധ സേനയിൽ ഉള്ളവര്‍ക്ക് ബാധകമാക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. കേന്ദ്രത്തിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുളള ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു.
വിവാഹേതര ലൈംഗിക ബന്ധം പുരുഷന്മാർക്ക് ശിക്ഷാർഹമായ കുറ്റമായി മാറുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് 2018 സെപ്റ്റംബറിൽ സുപ്രീം കോടതി എടുത്തു കളഞ്ഞിരുന്നു. 158 വർഷം പഴക്കമുള്ള നിയമം ഭരണഘടനാവിരുദ്ധമാണെന്നും ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും) ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം) എന്നിവയുടെ ലംഘനമാണെന്നുമായിരുന്നു സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ച് പറഞ്ഞത്.
ഭാര്യ വിവാഹേതര ബന്ധം പുലർത്തുന്ന പുരുഷനെതിരെ ഭർത്താവിന് നിയമ നടപടി സ്വീകരിക്കാൻ അനുവാദം നൽകുന്ന സിആർപിസിയിലെ സെക്ഷൻ 198 (1), 198 (2) എന്നിവയും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് കാരണമായി തുടരുമെങ്കിലും അത് ക്രിമിനല്‍ കുറ്റമല്ലെന്നായിരുന്നു ഭരണഘടന ബെഞ്ചിന്റെ വിധി. ഇതിനെതിരെയാണ് കേന്ദ്രം ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സഹപ്രവര്‍ത്തകരുടെ ഭാര്യമാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സായുധ സേനാവിഭാഗങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രം സുപ്രീം കോടതയെ സമീപിച്ചിരിക്കുന്നത്. അത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് യോജിച്ച പ്രവര്‍ത്തിയല്ല ചെയ്യുന്നത്. എന്നാല്‍, 2018-ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങള്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.