/indian-express-malayalam/media/media_files/uploads/2023/06/Kedarnath-Temple.jpg)
കേദാര്‍നാഥ് ക്ഷേത്രം
ന്യൂഡല്‍ഹി: ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ (ബികെടിസി) മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി കേദാർനാഥ് ക്ഷേത്രത്തിലെ മുതിർന്ന പൂജാരി. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സ്വർണം പതിക്കാനെന്ന പേരിൽ 125 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് ആരോപണം.
ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സ്വർണ തകിടുകൾ യഥാർത്ഥത്തിൽ പിച്ചള കൊണ്ടാണ് നിർമ്മിച്ചതെന്ന് ചാർ ധാം മഹാപഞ്ചായത്ത് വൈസ് പ്രസിഡന്റും കൂടിയായ പൂജാരി സന്തോഷ് ത്രിവേദി പറഞ്ഞു. കഴിഞ്ഞ വർഷമാണ് ശ്രീകോവിലിന്റെ ചുവരുകൾ പൊതിഞ്ഞ വെള്ളിത്തളികകൾ മാറ്റിയത്. മുംബൈ ആസ്ഥാനമായുള്ള ഒരു വ്യവസായി സംഭാവന ചെയ്ത സ്വര്‍ണത്തളികകള്‍ പിന്നീട് സ്ഥാപിക്കുകയായിരുന്നു.
ക്ഷേത്രത്തിലേക്ക് 230 കിലോ സ്വർണം സംഭാവന ചെയ്യാനുള്ള വ്യവസായിയുടെ ആഗ്രഹത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കുകയായിരുന്നു. കേദാർനാഥിന്റെ ശ്രീകോവിലിന്റെ ഭിത്തികൾ സ്വർണത്താൽ പൊതിഞ്ഞിരിക്കുന്നത് കാണണമെന്നത് തന്റെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു വ്യവസായി പ്രസ്താവനയിലൂടെ അറിയിച്ചത്.
എന്നിരുന്നാലും ചില പ്രാദേശിക പുരോഹിതന്മാർ ഈ നീക്കത്തെ എതിർത്തിരുന്നു. സ്വർണം സമ്പത്തിന്റെയും ലൗകിക ആനന്ദത്തിന്റെയും പ്രതീകമാണെന്നും അത് ഭൗതിക ലോകത്തിൽ നിന്നും അകലം പാലിക്കുന്നതിന്റെ പ്രതീകമായ ക്ഷേത്രത്തിന്റെ പുരാതന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അവര്‍ വ്യക്തമാക്കി.
"ശ്രീകോവിലിനുള്ളില്‍ സ്വര്‍ണം പൊതിയുന്ന ജോലികള്‍ ഏതാനം മാസങ്ങള്‍ മുന്‍പാണ് പൂര്‍ത്തിയാക്കിയത്. പക്ഷെ ഞാന്‍ അകത്തേക്ക് പ്രവേശിച്ചപ്പോള്‍ സ്വര്‍ണം പിച്ചളയായി മാറി. എന്തുകൊണ്ടാണ് സ്വര്‍ണം പരിശോധിക്കാത്തത്, ആരാണ് ഇതിന് ഉത്തരവാദി. സ്വര്‍ണത്തിന്റെ പേരില്‍ 125 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്," ത്രിവേദി വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സമാജ്വാദി പാര്‍ട്ടിയുടെ പ്രസിഡന്റ് അഖിലേഷ് യാദവ് പറഞ്ഞു. വിശ്വാസം വച്ചാണ് ക്രിമിനലുകള്‍ കളിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബികെടിസി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. സ്വര്‍ണം പൂശിയത് വിദഗ്ദരുടെ സാന്നിധ്യത്തിലാണെന്നും കമ്മിറ്റി അധികാരികള്‍ അറിയിച്ചു. ശ്രീകോവിലില്‍ സ്വര്‍ണം പൂശുന്ന ജോലികള്‍ സംഭാവന ചെയ്ത വ്യക്തി തന്നെയാണ് നിര്‍വഹിച്ചത്. പിച്ചള തകിടുകള്‍ക്ക് മുകളില്‍ സ്വര്‍ണം പൂശുകയായിരുന്നെന്നും കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇതില്‍ ക്ഷേത്ര കമ്മിറ്റിക്ക് നേരിട്ടുള്ള ഇടപെടല്‍ ഇല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ പുറത്ത് വരുന്ന ആരോപണങ്ങള്‍ പദ്ധതിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കമ്മിറ്റി ആരോപിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us