ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ.കവിത ഇ.ഡിക്കു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി. സഹോദരനും മന്ത്രിയുമായ കെ.ടി.രാമറാവുവും കവിതയ്ക്കൊപ്പം ഇ.ഡി ഓഫീസിലേക്ക് എത്തിയിരുന്നു.
മാർച്ച് ഒൻപതിനാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി കവിതയ്ക്ക് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിനുശേഷം കവിതയെ ഇ.ഡി കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്ന് കെസിആർ നേരത്തെ പറഞ്ഞിരുന്നു. അറസ്റ്റുണ്ടായാൽ ബിആർഎസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിലെത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യാഴാഴ്ച തിഹാര്‍ ജയിലില്‍ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്ത സിസോദിയയെ 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനേഴിന് വീണ്ടും സിസോദിയയെ ഹാജരാക്കണം. സിബിഐ കേസില്‍ സിസോദിയയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 21ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ഫെബ്രുവരി 26 ന് എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണു സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം തവണയാണു സിസോദിയയെ ചോദ്യം ചെയ്യുന്നത്. ഒക്ടോബര്‍ 17 നാണ് ആദ്യം ചോദ്യം ചെയ്തത്.