ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന് എന്നിവരുമായി തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷനുമായ കെ.ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രിയായിരിക്കും പിണറായി വിജയനെ തിരുവനന്തപുരത്തെത്തി ചന്ദ്രശേഖര റാവു കാണുക. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചായിരിക്കും ഇരുവരും ചര്‍ച്ച ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എം.കെ.സ്റ്റാലിനുമായി മെയ് 13 ന് കെ.ചന്ദ്രശേഖര റാവു ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More: വിശാല സഖ്യം ലക്ഷ്യം; സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കളെ വിരുന്നിന് ക്ഷണിച്ചു
പ്രത്യേക വിമാനത്തിലാണ് റാവു ഇന്ന് കേരളത്തിലെത്തുക. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തമിഴ്നാട്ടിലെ രാമേശ്വരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയായിരിക്കും റാവു ഹൈദരബാദിലേക്ക് മടങ്ങുക. ചെന്നൈയിലെ വീട്ടില്‍ വച്ചായിരിക്കും മെയ് 13 ന് സ്റ്റാലിനുമായി റാവു കൂടിക്കാഴ്ച നടത്തുക.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികളായിരിക്കും നേതാക്കള്‍ ചര്‍ച്ച ചെയ്യുക. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ഒരു മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയും കോണ്‍ഗ്രസും ഇല്ലാതെ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ നിര്‍ണായക സ്വാധീനമാകാനാണ് ചന്ദ്രശേഖര റാവു ശ്രമങ്ങള്‍ നടത്തുന്നത്.
ബിജെപിയും കോണ്‍ഗ്രസുമില്ലാത്ത മതേതര മുന്നണിയായിരിക്കും അധികാരത്തിലെത്തുക എന്ന് നേരത്തെയും ചന്ദ്രശേഖര റാവു പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ നേട്ടം 150 സീറ്റുകളിലൊതുങ്ങുമെന്നും 100 സീറ്റ് തികയ്ക്കാന്‍ കോണ്‍ഗ്രസ് പാടുപെടുമെന്നും തിരഞ്ഞെടുപ്പ് റാലിയില്‍ റാവു പ്രസംഗിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് പിണറായി വിജയനും സ്റ്റാലിനുമായി റാവു കൂടിക്കാഴ്ച നടത്തുന്നത്.
തെലങ്കാനയിലെ 17 സീറ്റുകളില്‍ 16 ഇടത്തും റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയാണ് മത്സരിക്കുന്നത്. ഒരു സീറ്റില്‍ എഐഎംഐഎം മത്സരിക്കും. 16 സീറ്റിലും വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കെ.ചന്ദ്രശേഖര റാവു.

ബിജെപി വിരുദ്ധ മുന്നണിക്ക് രൂപം നല്കാന് റാവു ഇതിന് മുന്‍പും ശ്രമങ്ങള്‍ നടത്തിയിരുന്നു. മമത ബാനര്‍ജിയെ ബംഗാളിലെത്തി കണ്ടതും ഇരുവരും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തിയതും വലിയ ചര്‍ച്ചാവിഷയമായിരുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പ് റാലികളില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും റാവു ഒരേപോലെ വിമര്‍ശിക്കാറുമുണ്ട്.