scorecardresearch
Latest News

ടി ആര്‍ എസ് ഇനി ഭാരത് രാഷ്ട്ര സമിതി; ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ റാവു

ഉച്ചയ്ക്ക് 1:19ന്റെ മുഹൂര്‍ത്തത്തിലാണു ടി ആര്‍ എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു പാര്‍ട്ടി പ്രഖ്യാപിച്ചത്

Telangana, Bharata Rashtra Samithi, BRS, TRS, K Chandrashekar Rao

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) ഇനി ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) എന്ന ദേശീയ പാര്‍ട്ടി. ഉച്ചയ്ക്ക് 1:19ന്റെ മുഹൂര്‍ത്തത്തിലാണു ടി ആര്‍ എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു പാര്‍ട്ടി പ്രഖ്യാപിച്ചത്.

പാര്‍ട്ടി ആസ്ഥാനമായ ഹൈദരാബാദിലെ തെലങ്കാന ഭവനില്‍ പാര്‍ട്ടി നേതാക്കള്‍, മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, എം എല്‍ സിമാര്‍, ജില്ലാതല കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത കോണ്‍ക്ലേവിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. തൊട്ടുപിന്നാലെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയ ടി ആര്‍ എസ് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ ആരംഭിച്ചു.

2000 ഏപ്രിലില്‍ സ്ഥാപിതമായ ടി ആര്‍ എസിനെ ടി ആര്‍ എസിനെ ഭാരത് രാഷ്ട്ര സമിതിയില്‍ ലയിപ്പിക്കാനുള്ള പ്രമേയം 280-ലധികം പാര്‍ട്ടി എക്സിക്യൂട്ടീവ് അംഗങ്ങളും എം എല്‍ എമാരും എം പിമാരും ചേര്‍ന്നു പാസാക്കി.

ചന്ദ്രശേഖര്‍ റാവു പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ ജെ ഡി (എസ്) നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി തെലങ്കാന ഭവനില്‍ ഉണ്ടായിരുന്നു. 20 പാര്‍ട്ടി എം എല്‍ എമാര്‍ക്കൊപ്പം ചൊവ്വാഴ്ച രാത്രിയാണു കുമാരസ്വാമി ഹൈദരാബാദിലെത്തിയത്. ദലിത് നേതാവ് തിരുമാവളവന്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈഗള്‍ കച്ചി (വി സി കെ) യുടെ രണ്ട് എംപിമാരും ചടങ്ങില്‍ പങ്കെടുത്തു. ചന്ദ്രശേഖര്‍ റാവുവും ടി ആര്‍ എസ് വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമറാവും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ക്ഷണം സ്വീകരിച്ചാണു കുമാരസ്വാമിയും തിരുമാവളവനും മറ്റു നേതാക്കളും എത്തിയത്.

അതതു സംസ്ഥാനങ്ങളില്‍ ബി ജെ പിക്കെതിരെ പോരാടുന്ന വിവിധ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായിരിക്കും പുതിയ സംഘടനയെന്ന് ജെ ഡി(എസ്) നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

”ബി ജെ പിക്കെതിരെ യോജിച്ച പോരാട്ടം നടത്തുകയെന്നതാണ് ആശയം. അടിസ്ഥാനപരമായി, തങ്ങളുടെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറികടന്ന് ഒന്നിച്ചുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന വിവിധ പ്രാദേശിക പാര്‍ട്ടികളുടെ ഐക്യമാണിത്,” ജെ ഡി (എസ്) നേതാവിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

ചന്ദ്രശേഖര്‍ റാവുവിന്റെ ക്ഷണം സ്വീകരിച്ചാണു താന്‍ ഹൈദരാബാദിലെത്തിയതെന്നു തിരുമാവളവന്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു. ദേശീയ തലത്തിലേക്കു തന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം റാവുവിനെ അഭിനന്ദിച്ചു. തമിഴ്നാട്ടില്‍ അധികാരത്തിലുള്ള ഡി എം കെയുടെ സഖ്യകക്ഷിയാണ് വിസികെ.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നു ബി ആര്‍ എസ് വൃത്തങ്ങള്‍ അറിയിച്ചു. തെലങ്കാനയ്ക്ക് അപ്പുറത്തേക്ക് രാഷ്ട്രീയ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തില്‍ ചന്ദ്രശേഖര്‍ റാവുവിനു വിജയം ആശംസിച്ച് വാറങ്കലിലെ പാര്‍ട്ടി നേതാവ് 200 പ്രവര്‍ത്തകര്‍ക്കു കോഴിയും മദ്യവും വിതരണം ചെയ്തിരുന്നു. പാര്‍ട്ടിയുടെ പേര് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്കു കടക്കാനും ബി ജെ പിയെ ഫലപ്രദമായി നേരിടാനും ‘തെലങ്കാന സദ്ഭരണ മോഡല്‍’ പയറ്റികൊണ്ട് ജനങ്ങളിലേക്ക് എത്തിച്ചേരാനാണ് ടി ആര്‍ എസ് നേതൃത്വത്തിന്റെ പദ്ധതി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kcr national party launch live updates telangana hyderabad trs brs