/indian-express-malayalam/media/media_files/uploads/2018/12/kc-venugopal.jpg)
ന്യൂഡൽഹി: ലോക്‌സഭാ മുൻ എംപിയും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവുമായ കെ.സി.വേണുഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് വേണുഗോപാൽ രാജ്യസഭയിലെത്തുന്നത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.സി.വേണുഗോപാലിനെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഭിനന്ദിച്ചു.
Congratulations to Congress national general secretary KC Venugopal ji and Neeraj Dangi ji for winning #RajyaSabhaElections from #Rajasthan. It is a victory of the ideology, policies and programmes of Congress Party under the leadership of CP Smt. #SoniaGandhi ji.
— Ashok Gehlot (@ashokgehlot51) June 19, 2020
ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഝാർഘണ്ഡ്, മണിപ്പൂർ, മിസോറാം, മേഘാലയ സംസ്ഥാനങ്ങളിലായി 19 രാജ്യസഭാ സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ എട്ട് സീറ്റിൽ ബിജെപിയും നാല് സീറ്റിൽ കോൺഗ്രസും വിജയിച്ചു. ആന്ധ്രയിലെ നാല് സീറ്റിലും ഭരണകക്ഷി വൈഎസ്ആർ കോൺഗ്രസ് വിജയം നേടി.
Read More: രാജ്യത്തിന്റെ ഭൂപരിധിയിലേക്ക് ചൈന കടന്നു കയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി
ഗുജറാത്തിൽ നാല് സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. മൂന്ന് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും വിജയിച്ചു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും മൂന്നു വീതം സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. രാജസ്ഥാനിൽ രണ്ട് സീറ്റിൽ കോൺഗ്രസും ഒരെണ്ണത്തിൽ ബിജെപിയും വിജയിച്ചു. മദ്ധ്യപ്രദേശിൽ ബിജെപി രണ്ട് സീറ്റിലും കോൺഗ്രസ് ഒന്നിലും വിജയിച്ചു. ഝാർഘണ്ഡിലെ രണ്ട് സീറ്റുകളിൽ ബിജെപിയും ജെഎംഎമ്മും ഓരോ സീറ്റ് സ്വന്തമാക്കി.
മണിപ്പൂർ, മേഘാലയ, മിസോറാം സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. മണിപ്പൂരിൽ ബിജെപിയും മേഘാലയിൽ മേഘാലയ ഡെമോക്രാറ്റിക് അലയൻസും മിസോറാമിൽ മിസോ നാഷനൽ ഫ്രണ്ടും വിജയിച്ചു.
Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ്: കോവിഡ് ബാധിതനായ എംഎൽഎ വോട്ട് ചെയ്യാനെത്തി
കെസി വേണുഗോപാലിന് പുറമേ നീരജ് ഡാങ്ഗിയാണ് രാജസ്ഥാനിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിലെതത്തിയത്. ബിജെപിയുടെ രാജേന്ദ്ര ഗെലോട്ട് വിജയിച്ചപ്പോൾ ഓംകാർ സിങ്ങ് ലഖാവത് പരാജയപ്പെട്ടു. രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപിമാരുടെ എണ്ണം ഇതോടെ മൂന്നായി വർധിച്ചു. സംസ്ഥാനത്തെ ആകെ 10 രാജ്യ സഭാ എംപിമാരിൽ ബാക്കിയുള്ള ഏഴുപേരും ബിജെപി പ്രതിനിധികളാണ്.
ഝാർഗണ്ഡ് മുൻ മുഖ്യമന്ത്രിയും പാർട്ടി മേധാവിയുമായ ഷിബു സോറനാണ് ജെഎംഎം സ്ഥാനാർത്ഥിയായി വിജയിച്ച് രാജ്യസഭയിലെത്തിയത്. ബിജെപി സംസ്ഥാന പ്രസീഡന്റ് ദീപക് പ്രശാന്തും ഝാർഘണ്ഡിൽ നിന്ന രാജ്യസഭയിലെത്തി.
മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ്ങ് ബിജെപി നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സുമേർ സിങ്ങ് സൊളാങ്കി എന്നിവരാണ് മദ്ധ്യപ്രദേശിൽ നിന്ന് രാജ്യ സഭയിലെത്തിയത്. ഉപ മുഖ്യമന്ത്രി ഫില്ലി സുഭാഷ് ചന്ദ്ര ബോസ്, മന്ത്രി മൊപി ദേവി വെങ്കട രമണ, വ്യവസായി പരിമൾ നാഥ്വാനി, റിയൽ എസ്റ്റേറ്റ് വ്യവസായി അയോദ്ധ്യ രാമി റെഡ്ഡി എന്നിവരാണ് ആന്ധ്രയിൽ നിന്ന് രാജ്യസഭയിലെത്തിയവർ
Read Also: കമൽനാഥ് സർക്കാരിനെ പിന്തുണച്ച അഞ്ച് എംഎൽഎമാർ ബിജെപിയുടെ അത്താഴ വിരുന്നിൽ
ബിജെപിയുടെ നർഹാരി അമീൻ, അജയ് ഭരദ്വാജ്, രമിലാബെൻ ബാര കോൺഗ്രസിന്റെ ശക്തിസിങ് ഗോഹ്‌ലി എന്നിവരാണ് ഗുജറാത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങൾ. മണിപ്പൂരിൽ നിന്ന് ബിജെപിയുടെ ലെയ്ഷെംബ സനജാവോബയും മേഘാലയയിൽ നിന്ന് എംഡിഎയുടെ ഡോക്റ്റർ ഡബ്ല്യു ആർ ഖർലുഖിയും മിസോറാമിൽ നിന്ന് എംഎൻഎഫിന്റെ കെ വൻലാൽവേനയും രാജ്യസഭയിലെത്തി.
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക തയാറെടുപ്പുകളോടെയാണ് വോട്ടെടുപ്പ് നടന്നത്. പോളിങ് കേന്ദ്രങ്ങളിൽ പാരാ മെഡിക്കൽ സംഘങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിന്യസിച്ചിരുന്നു. സ്ഥാനാർഥികൾ, എംഎൽഎമാർ, പോളിങ് സ്റ്റാഫുകൾ എന്നിവർക്കായി പോളിങ് കേന്ദ്രങ്ങളുടെ പല ഭാഗങ്ങളിലായി മാസ്‌കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ ഒരുക്കിയിട്ടുണ്ടായിരുന്നു. വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് മുഴുവൻ പോളിങ് കേന്ദ്രങ്ങളും അണുവിമുക്തമാക്കുകയും ചെയ്‌തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.