തിരുവനന്തപുരം: പ്രവര്‍ത്തക സമിതിയില്‍ അടക്കം കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് കെ.സി.വേണുഗോപാല്‍ എംപി. പാര്‍ട്ടിയില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണ്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി കാട്ടിയത് നല്ല മാതൃകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. പുതിയ അധ്യക്ഷന്‍ വരും വരെ രാഹുല്‍ അധ്യക്ഷ ചുമതല നിര്‍വഹിക്കും. പ്രവര്‍ത്തക സമിതി ഉടന്‍ വിളിക്കുമെന്നും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും കെ.സി.വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ബിജെപിക്കെതിരെ വര്‍ധിത വീര്യത്തോടെ പോരാടും: രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.

പുതിയ അധ്യക്ഷനെ പാർട്ടി അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. അടുത്ത അധ്യക്ഷനെ ഞാൻ തന്നെ തിരഞ്ഞെടുക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. പുതിയ ഒരാൾ പാർട്ടിക്ക് നേതൃത്വം നൽകുന്നത് പ്രധാനമാണെങ്കിലും, ആ വ്യക്തിയെ ഞാൻ തിരഞ്ഞെടുക്കുന്നത് ശരിയല്ല. ധൈര്യത്തോടും സ്നേഹത്തോടും വിശ്വസ്തതയോടും കൂടി തങ്ങളെ നയിക്കാൻ കഴിയുന്ന വ്യക്തിയെ പാർട്ടി തിരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ടെന്നും രാഹുൽ കുറിച്ചു.

ഇനിയും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ‘ഇനിയും കാലതാമസമില്ലാതെ പുതിയ അധ്യക്ഷനെ പാര്‍ട്ടി തീരുമാനിക്കണം. ഈ പ്രക്രിയയില്‍ ഞാനുണ്ടാവില്ല. ഞാന്‍ രാജിക്കത്ത് നേരത്തേ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും അധ്യക്ഷനായി ഞാന്‍ തുടരില്ല. പ്രവര്‍ത്തക സമിതി എത്രയും പെട്ടെന്ന് ചേര്‍ന്ന് അധ്യക്ഷനെ തിരഞ്ഞെടുക്കണം,’ രാഹുല്‍ ഗാന്ധി എഎന്‍ഐയോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook