‘മാധ്യമപ്രവര്‍ത്തക എന്നതിനും മുകളിലായിരുന്നു ഗൗരി. പത്രം ഒരു ചെറിയ ഇടം മാത്രമായിരുന്നു. ഗൗരിയുടെ പോരാട്ടങ്ങളും ഇടപെടലുകളും അതിനുമപ്പുറത്തായിരുന്നു. മരണ ശേഷം വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിന്നും, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്നുമാണ് ഞാന്‍ മനസിലാക്കിയത് ആരായിരുന്നു, എന്തായിരുന്നു ഗൗരി ലങ്കേഷ് എന്ന്.’ പറയുന്നത്, കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ സഹോദരിയും പ്രശസ്ത തിരക്കഥാകൃത്തും സംവിധായികയുമായ കവിത ലങ്കേഷാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു കവിത ലങ്കേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഗൗരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരും, രാഷ്ട്രീയക്കാരും, ബസ് ജീവനക്കാരുമടക്കം എല്ലാ തരം ആളുകളുമുണ്ടായിരുന്നു. തന്‍റെ സഹോദരിയെ കുറിച്ച് മോശമായി സംസാരിക്കുന്നവരുണ്ടാകാം. എന്നാല്‍ രാജ്യത്തെ ഭൂരിഭാഗം ആളുകളും ഗൗരിക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നതെന്നും ഗൗരി ലങ്കേഷ് എന്തായിരുന്നെന്ന് മനസിലാക്കാന്‍ അതുമതിയെന്നും കവിത ലങ്കേഷ് പറഞ്ഞു.

അച്ഛന്‍ ലങ്കേഷിനോപ്പം കവിത – മുന്‍ കാല ചിത്രം (കടപ്പാട് ഫേസ്ബുക്ക്‌)

കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ഗൗരി കര്‍ണാടക മുഖ്യമന്ത്രിയെ കാണുകയും കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ സംബന്ധിച്ച കേസിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നുവെന്ന് കവിത ലങ്കേഷ് പറയുന്നു. ഗൗരി കൊല്ലപ്പെട്ടതിനു ശേഷം നിരവധി മാധ്യമ വിദ്യാര്‍ത്ഥികള്‍ തന്നെ കാണാന്‍ എത്തിയിരുന്നു. സ്വന്തം അഭിപ്രായം ഉയര്‍ത്തിപ്പിടിച്ചാല്‍ തങ്ങള്‍ക്കും ഈ അവസ്ഥയായിരിക്കുമോ എന്നവര്‍ ചോദിച്ചു. എന്തു മറുപടിയാണ് അവരോട് പറയുക? മാധ്യമങ്ങള്‍ ഒരു പക്ഷെ ഗൗരിയുടെ കൊലപാതകം എളുപ്പത്തില്‍ മറന്നേക്കാം. മറ്റു വാര്‍ത്തകള്‍ക്ക് പുറകേ പോയേക്കാംമെന്നും കവിത ലങ്കേഷ് പറഞ്ഞു.

തന്‍റെ പിതാവ് ലങ്കേഷും സര്‍ക്കാരിനെതിരെ സംസാരിച്ചിട്ടുള്ള ആളാണ്. അദ്ദേഹത്തെ ആരും അപകടപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഗൗരിക്കു സംഭവിച്ചത് വച്ചു നോക്കുമ്പോള്‍ രാജ്യത്തെ അസഹിഷ്ണുത ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ് എന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും കവിത ലങ്കേഷ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ