ജലന്ധര്‍: സ്റ്റെം സെല്‍ റിസേര്‍ച്ച്, ടെസ്റ്റ് ട്യൂബ് ഫെര്‍ട്ടിലൈസേഷന്‍, ഗയിഡഡ് മിസൈല്‍ എന്നീ കണ്ടു പിടിത്തങ്ങളെല്ലാം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്ന് ആന്ധ്രാ വൈസ് ചാന്‍സലര്‍ ജി.നാഗേശ്വര്‍ റാവു. മഹാഭാരതവും രാമായണവും ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
‘ഒരു മാതാവില്‍ നിന്നും നൂറ് കൗരവര്‍ ഉണ്ടായത് സ്റ്റെം റിസേര്‍ച്ചും ടെസറ്റിയൂബ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ്. ആയിരം വര്‍ഷങ്ങള്‍ക്കും മുമ്പാണ് ഇത്. ഇതായിരുന്നു രാജ്യത്തെ ശാസ്ത്രം,’ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘നൂറ് അണ്ഡങ്ങള്‍ നൂറ് കലങ്ങളില്‍ നിക്ഷേപിച്ചു എന്നാണ് മഹാഭാരതത്തില്‍ പറയുന്നത്. അപ്പോള്‍ അവര്‍ ടെസ്റ്റിയൂബ് ശിശുക്കള്‍ അല്ലേ? സ്‌റ്റെം സെല്‍ റിസേര്‍ച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ഈ രാജ്യത്ത് ഉണ്ടായിരുന്നതാണ്,’ അദ്ദേഹം പറഞ്ഞു.
യുദ്ധ സമയത്ത് ശത്രുക്കളെ തുരത്താനായി രാമന്‍ ഉപയോഗിച്ചിരുന്ന അസ്ത്രങ്ങളും ശാസ്ത്രങ്ങളും ആക്രമണത്തിന് ശേഷം തിരിച്ചു വരുന്ന തരത്തിലുള്ളതാണ്. ഇത് പറയുന്നത് അക്കാലത്ത് ഗയിഡഡ് മിസൈലുകള്‍ ഉണ്ടായിരുന്നു എന്നാണെന്നും അദ്ദേഹം പറഞ്ഞു.
പല തരത്തിലും പല വലിപ്പത്തിലുമുള്ള 24 തരം വിമാനങ്ങള്‍ രാവണന് സ്വന്തമായി ഉണ്ടായിരുന്നുവെന്നും, കൂടാതെ ലങ്കയില്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നും റാവു പറഞ്ഞു.