ചരിത്ര നിമിഷത്തിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നു പോകുന്നത്. ചരിത്രത്തിലാദ്യമായി ബ്ലാക്ക് ഹോളിന്റെ (തമോഗര്‍ത്തം) ചിത്രം പകര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രം ശാസ്ത്രജ്ഞര്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഇവന്റ് ഹൊറിസണ്‍ ടെലസ്‌കോപ്പ് കോളാബറേഷനിലൂടെയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. നാല് ഭൂഖണ്ഡങ്ങളിലായി സ്ഥാപിച്ച എട്ട് ടെലസ്‌കോപ്പുകള്‍ ചേര്‍ന്ന് ഭൂമിയോളം വലുപ്പമുള്ള ടെലിസ്‌കോപ്പാക്കി മാറ്റുകയായിരുന്നു. ഇതിലൂടെയാണ് ബ്ലാക്ക് ഹോളിന്റെ ചിത്രം പകര്‍ത്തിയത്.

ബ്ലാക്ക് ഹോള്‍ ലോകത്ത് ചര്‍ച്ചയാകുമ്പോള്‍ തന്നെ എംഐടി വിദ്യാര്‍ത്ഥിനിയായ ഡോക്ടര്‍ കാറ്റി ബോമനാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ബ്ലാക്ക് ഹോളിന്റെ ചിത്രം പകര്‍ത്തുന്നതില്‍ കാറ്റിയുടെ നിര്‍ണായക പങ്കാണ് അവരെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത്. കാറ്റി വികസിപ്പിച്ചെടുത്ത അല്‍ഗോരിതത്തിന്റെ സഹായത്തോടെയാണ് ബ്ലാക്ക് ഹോളിന്റെ ചിത്രം പകര്‍ത്താനുള്ള ശ്രമം വിജയിച്ചത്. ഭൂമിയില്‍ നിന്നും 55 മില്യണ്‍ പ്രകാശ വര്‍ഷം അകലെയുള്ള എം87 എന്ന ഗ്യാലക്‌സിയിലെ ബ്ലാക്ക് ഹോളിന്റെ ചിത്രമാണ് ശാസ്ത്രജ്ഞര്‍ പകര്‍ത്തിയത്. ഭൂമിയുടെ മാസിന്റെ 6.5 ബില്യണ്‍ മടങ്ങ് മാസുണ്ട് ഈ ബ്ലാക്ക് ഹോളിന്.

എംഐടി ന്യൂസ് 2016 ല്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ എങ്ങനെയാണ് ഒരു ബ്ലാക്ക് ഹോളിന്റെ ചിത്രം പകര്‍ത്തുക എന്നതിനെ കുറിച്ച് കാറ്റി പറഞ്ഞിട്ടുണ്ട്. അത്ര അകലെയുള്ള വസ്തുവിന്റെ ചിത്രമെടുക്കാന്‍ 10000 കിലോമീറ്റര്‍ ഡയമീറ്റര്‍ വരുന്ന ടെലസ്‌കോപ്പിന്റെ ആവശ്യമുണ്ടെന്നും എന്നാല്‍ അത് പ്രാക്ടിക്കലല്ലെന്നും കാരണം ഭൂമിയുടെ ആകെ ഡയമീറ്റര്‍ തന്നെ 13000 കിലോമീറ്ററാണെന്നും കാറ്റി പറഞ്ഞിരുന്നു.

എട്ട് ടെലസ്‌കോപ്പുകളില്‍ നിന്നും ലഭിച്ച ഡാറ്റയില്‍ നിന്നും, കാറ്റിയുടെ CHIRP എന്ന അല്‍ഗോരിതം ഉപയോഗിച്ചാണ് ബ്ലാക്ക് ഹോളിന്റെ ഇവന്റ് ഹോറിസോണിന്റെ ചിത്രം വികസിപ്പിച്ചെടുത്തത്. എംഐടിയുടെ ലാബില്‍ വച്ചായിരുന്നു കാറ്റി ഈ വിവരങ്ങള്‍ ഡീകോഡ് ചെയ്‌തെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ എംഐടി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഭീമാകാരം എന്നാണ് ഈ തമോഗര്‍ത്തത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സിലാണ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്.

വളരെ ഉയര്‍ന്ന പിണ്ഡമുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാന്‍ കഴിയാത്തത്ര ഗുരുത്വാകര്‍ഷണമാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ അവയെ കാണുക സാധ്യമല്ല.

തമോഗര്‍ത്തത്തിനുള്ളില്‍ നിന്നും ഒരു നിശ്ചിത അകലത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും തമോഗര്‍ത്തം അതിനുള്ളിലേക്കു വലിച്ചുചേര്‍ക്കും. ഇവന്റ് ഹൊറിസോണ്‍ എന്നാണ് ഈ പരിധി അറിയപ്പെടുന്നത്. ഈ പരിധിക്കു പുറത്തുനടക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പ്രകാശത്തെയാണ് ടെലസ്‌കോപ്പ് വെച്ചു നിരീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook