ന്യൂഡല്‍ഹി: എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കത്തുവ കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം അഭിഭാഷകയായ ദീപിക സിങ് രജാവത്തിനെ ഒഴിവാക്കി. കോടതിയില്‍ വിരളമായി മാത്രമാണ് അഭിഭാഷക ഹാജരാവുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകയെ ഒഴിവാക്കിയത്. കത്തുവ കേസില്‍ ഇരയുടെ കുടുംബത്തിനായി ഹാജരായാല്‍ വധിക്കപ്പെടുമെന്ന് ഭീഷണി ഉണ്ടായിരുന്ന അഭിഭാഷകയാണ് ദീപിക.

ദീപികയെ ഒഴിവാക്കാനായി പഠാന്‍കോട്ട് കോടതിയില്‍ കുടുംബം അപേക്ഷ സമര്‍പ്പിച്ചതായി ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളെ ദീപിക പ്രതിനിധീകരിക്കില്ലെന്നും പവര്‍ ഓഫ് അറ്റോണി പിന്‍വലിക്കുന്നുവെന്നും കാണിച്ചാണ് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചത്. 100 തവണയോളം കോടതിയില്‍ വാദം കേട്ടിട്ടും 100ഓളം സാക്ഷികളെ വിസ്തരിച്ചിട്ടും വെറും രണ്ട് തവണ മാത്രമാണ് അഭിഭാഷക തങ്ങള്‍ക്ക് വേണ്ടി ഹാജരായതെന്ന് 8 വയസുകാരിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ കുടുംബത്തിന് വേണ്ടി ഹാജരായാല്‍ ഏതു നിമിഷവും താന്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ദീപിക സിങ് രജാവത്ത്. കത്തുവയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിലെ മുറിയില്‍ അടച്ചു ദിവസങ്ങളോളം പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിനുവേണ്ടി കോടതിയില്‍ ഹാജരാകുന്നതാണ് ഇവര്‍ക്കെതിരെ വധഭീഷണി ഉയരാന്‍ കാരണം. ഈ കാരണം കൊണ്ടാണോ ഇവര്‍ കോടതിയില്‍ ഹാജരാവാതിരുന്നതെന്ന് വ്യക്തമല്ല.

കേസില്‍ ഹാജരായ അന്നുമുതല്‍ ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. തന്നെ മാത്രമല്ല മകളേയും ഭര്‍ത്താവിനേയും കൊലപ്പെടുത്തുമെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരുടെ അനുയായികള്‍ അയക്കുന്ന ഭീഷണി സന്ദേശത്തിലുണ്ട്- അഭിഭാഷക വ്യക്തമാക്കുന്നു.

വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെതന്നെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ പൊലിസാണു സുരക്ഷ ഒരുക്കുന്നത്. എന്നിരുന്നാലും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരുമായി ബന്ധപ്പെട്ടവര്‍ തന്നെയും കൊലപ്പെടുത്തുമെന്നു പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവര്‍ക്കെതിരായി കോടതിയില്‍ എത്തിയതുമുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. തന്റെ വീടിനടുത്തു മയക്കുമരുന്നു കൊണ്ടുവച്ച് കേസില്‍ കുടുക്കാനുള്ള ശ്രമവുമുണ്ടായി- അഭിഭാഷക ദീപിക സിങ് രജാവത്ത് മാധ്യമങ്ങളോടു പറഞ്ഞു.

എട്ടു പേരാണു സംഘം ചേര്‍ന്ന് എട്ടുവയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ജമ്മുവില്‍നിന്നു നാടോടികളായ ബക്കര്‍വാള്‍ മുസ്‌ലിം വിഭാഗക്കാര്‍ കുടിയൊഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിന്റെ ഭാഗമായാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

അക്രമികള്‍ക്കു സഹായം നല്‍കുന്ന ബിജെപി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കേസ് നടപടികള്‍ സുതാര്യമാക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കശ്മീര്‍ കോടതിയില്‍നിന്ന് വിചാരണ പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയിലേക്ക് മാറ്റിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook