scorecardresearch
Latest News

“കുതിരകളെയും പുൽമേടുകളെയും സ്നേഹിച്ചിരുന്ന ആ പെൺകുഞ്ഞ് ഇന്ന് ഏകയായി കുഴിമാടത്തിലാണ്”

“അവളുടെ കുഴിമാടത്തെ അവർ ഒന്നും ചെയ്യില്ലെന്ന പ്രതീക്ഷമാത്രമാണ് എനിക്ക് അവശേഷിക്കന്നുന്നത്” കാർഗിലില്ലേയ്ക്കുളള​ യാത്രയ്ക്കിടിയിൽ​ഉദംപൂരിന് സമീപത്തുളള പാലത്തിനടിയലിരുന്ന് കത്തുവായിൽ കൊല്ലപ്പെട്ട ബെക്കർവാൾ പെൺകുഞ്ഞിന്റെ ഉമ്മയുടെ ഓർമ്മകൾ കിഷൻപൂരിൽ നിന്നും ഇന്ത്യൻ എക്സ്‌പ്രസ് ലേഖകൻ നവീദ് ഇക്ബാൽ എഴുതുന്നു

“കുതിരകളെയും പുൽമേടുകളെയും സ്നേഹിച്ചിരുന്ന ആ പെൺകുഞ്ഞ് ഇന്ന് ഏകയായി കുഴിമാടത്തിലാണ്”

ജനുവരിയിൽ ജമ്മുവിലെ കത്തുവയിൽ ക്രൂരമായി കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിക്ക്  അതിന് ഏതാനും ദിവസം മുമ്പ് പുതിയ കുപ്പായം തുന്നിച്ചിരുന്നു.  ഒരു വിവാഹത്തിൽ​ പങ്കെടുക്കാൻ  പുതിയ കുപ്പായം തുന്നിയതിനൊപ്പം അതിന് ചേരുന്ന പുതിയ ചെരുപ്പുകൾ വേണമെന്ന് ആ കുഞ്ഞ് ആഗ്രഹിച്ചിരുന്നു. ആ കുഞ്ഞിന്റെ ജീവനറ്റ ശരീരം കിട്ടിയതിന് ശേഷം  തന്റെ കുഞ്ഞിന്റേതായതെല്ലാം ആ ഉമ്മപലർക്കായി കൊടുത്തു.”മകളുടെ വസ്ത്രങ്ങളിൽ ഭൂരിപക്ഷവും ഞാൻ കൊടുത്തു, ബാക്കിയുളളത് ട്രങ്കിലാക്കി അവിടെ, കത്തുവയിലെ വീട്ടിൽ വച്ചു.” കാർഗിലിലേയ്ക്കുളള വഴിയിൽ ഉദംപൂരിന് സമീപത്തുളള ​പാലത്തിനടിയിലിരുന്ന ആ അമ്മ മകളെ കുറിച്ച് പറഞ്ഞു.

വേനൽക്കാലത്ത് കത്തുവയിൽ നിന്നും കാർഗിലിലേയ്ക്ക് വളർത്തുമൃഗങ്ങളുമായി പോകുകയാണ്  അവർ. ആ ഉമ്മയും രണ്ട് സഹോദരന്മാരും സഹോദരിയും രണ്ട് മക്കളും അവരുടെ നാൽപ്പത് കുതിരകളുമായാണ് യാത്ര.​ അവരിപ്പോൾ കിഷാൻപൂരിലാണ്. ഉദംപൂരിൽ നിന്നും 24 കിലോമീറ്റർ​ മുകളിലാണത്. അവിടെ റയിൽവേ പാലത്തിന് താഴെ അവർ ഇരിക്കുകയായിരുന്നു. ജമ്മു- ശ്രീനഗർ ഹൈവേയുടെ സമീപത്തുളള ​പ്രദേശത്ത് ഏതാനും ടയർ  റിപ്പയറിങ് കടകളും വളരെ കുറച്ച് “മുസ്‌ലിം ഹോട്ടലുകളും” കുറച്ച് “വൈഷ്ണവ ധാബ”കളും മാത്രമാണ് ഈ​ പ്രദേശത്തുളളത്.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് രണ്ട് ആഴ്ച മുമ്പ് അവരുടെ വളർത്തു മൃഗങ്ങളുമായയി അവിടെ നിന്നും പോയിരുന്നു. നിലവിൽ സൻസാറിന് സമീപമാണ്​ അദ്ദേഹം ഉളളത്. നാൽപ്പത് വയസ്സുളള ആ ഉമ്മയുടെ മുഖത്തെ ചുളിവുകൾ അവർക്ക് അതിനേക്കാളേറെ പ്രായം തോന്നിക്കുന്നു. അവരുടെ കണ്ണകൾ തുടർച്ചയായി നിറഞ്ഞൊഴുകുന്നു. ഒരുമാസം നീളുന്ന  കയറ്റിറക്കങ്ങളുളള അവരുടെ കാർഗിൽ യാത്ര മകളേറെ ഇഷ്ടപ്പെട്ടിരുന്നതായിരന്നുവെന്ന് ആ അമ്മ ഓർമ്മിക്കുന്നു. കാർഗിൽ മകളുടെ ഇഷ്ടസ്ഥലങ്ങളിലൊന്നായിരുന്നുവെന്നും. “മകൾക്ക് ​ അവിടയൊരു സ്ഥലം മാത്രമാണ് വിട്ടുപോകാൻ ഇഷ്ടമില്ലാതിരുന്നത്. അത് അവിടുത്തെ പുൽമേടുകളാണ്. അവിടെ അവളുടെ പ്രിയപ്പെട്ട കുതിരകൾ സ്വതന്ത്രമായി വിഹരിക്കുമായിരുന്നു.” മകളുടെ ജീവിക്കുന്ന ഓർമ്മകളായി അവശേഷിക്കുന്ന ഈ​ മൃഗങ്ങളാണ്. ആ എട്ടുവയസ്സുകാരിയുടെ പ്രിയപ്പെട്ട കൂട്ട് സുന്ദർ എന്ന് അവൾ വിളിച്ചിരുന്ന മുതിർന്ന കുതിരയാണ്. “ഒരു കുഞ്ഞ് കുതിരയുടെ മുകളിൽ കയറിയാണ് അവൾ സുന്ദറിന്റെ മുകളിൽ കയറിയിരുന്നത്” അത് പറയുമ്പോൾ ആ ഓർമ്മയിൽ ഒരു  ചെറുപുഞ്ചിരി മിന്നിമറഞ്ഞു.

ദത്തെടുത്താണെന്ന വിവരം മകളോട് ഒരിക്കലും പറഞ്ഞിരുന്നില്ല. മൂന്ന് കുട്ടികളെ ബസ്സ് അപകടത്തിൽ നഷ്ടമായ ശേഷമാണ്​ ഈ കുഞ്ഞിനെ ദത്തെടുത്തത്. ഒപ്പമുളള കുഞ്ഞുങ്ങളെ ഓർത്തുളള ആശങ്കയും ആധിയും ആ ഉമ്മയെ വിടാതെ പിന്തുടരുന്നുണ്ട് ഇപ്പോൾ. പതിനൊന്നാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളാണ് അവർക്കുളളത്. അതിലൊരാൾ പെൺകുഞ്ഞ് കൊല്ലപ്പെട്ട കത്തുവ ഗ്രാമത്തിലെ സ്കൂളിൽ പഠിക്കുന്നുണ്ട്. എന്നാൽ സ്കൂൾ വിട്ടാൽ അവിടെ നിൽക്കാറില്ല. “മകൻ സ്കൂളിൽ പോകുന്നുണ്ട്. എന്നാൽ രാത്രിയാകുമ്പോഴേയ്ക്ക് സാമ്പയിലെ ബന്ധുക്കളുടെ അടുത്തേയ്ക്ക് പോകും. ആ ഗ്രാമം സുരക്ഷിതമല്ല,” ഇടറിയ വാക്കുകളിൽ ആ അമ്മ പറയുന്നു.

kathuva mother photo shuhaib masoodi
കാർഗിലിലേയ്ക്കുളള യാത്രയ്ക്കിടയിൽ കത്തുവായിൽ​കൊല്ലപ്പെട് പെൺകുഞ്ഞിന്റെ ഉമ്മ

കൊല്ലപ്പെട്ട പെൺകുഞ്ഞിനെ സ്കൂളിൽ വിട്ടുതുടങ്ങിയിരുന്നില്ല. “​അവളൊരു കുസൃതിക്കുടുക്കയായിരുന്നു” “കുറച്ചുകൂടെ പക്വത വന്നിട്ട് പഠിപ്പിക്കാൻ അയക്കാം എന്നാണ് കരുതിയിരുന്നത്” അവർ പറയുന്നു.

ഏഴ് ദിവസം തടവിൽ വച്ച് , പട്ടിണിക്കിട്ട്, മയക്കി കിടത്തി, പ്രാർത്ഥാനലയത്തിൽ വച്ച് നിരവധി തവണ ആ പെൺകുഞ്ഞിനെ ബലാൽസംഗം ചെയ്തതായും കൊല്ലപ്പെട്ടുവെന്ന് ഉറപ്പിക്കാൻ തലയിൽ കല്ല് കൊണ്ട് ഇടിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ആ ഉമ്മയക്ക് അവർ കണ്ടത് മാത്രമേ അറിയാവൂ “അവളുടെ തൊലിയിൽ പൊളളലേറ്റത് പോലെ തോന്നിയിരുന്നു. അത് വൈദ്യുതി ഉപയോഗിച്ചുളളതുപോലെയാണ് തോന്നിയത്. അവളുടെ വാരിയെല്ലുകൾ നുറുങ്ങിയതായി എനിക്ക് അനുഭവപ്പെട്ടു. മകളുടെ തലയിലെ ചോരപ്പാടുകൾ ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞുപോകില്ല, അവിടൊണ് അവർ അവളുടെ തലയിൽ ഇടിച്ചത്.”

“ബലാൽസംഗം” എന്ന വാക്ക് പറയുമ്പോൾ അവരുടെ മുഖത്ത് കണ്ണീർ നീറിയൊഴുകി “ഒരു പിഞ്ചുകുഞ്ഞിനോട് അവർക്ക് ഇതെങ്ങനെ ചെയ്യാൻ തോന്നി?” എന്ന് തേങ്ങലാണ് അവരിൽ നിന്നുയർന്നത്.

മകളെ കാണാനാവുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പുളള സംഭവം ആ അമ്മ ഓർത്തെടുത്തു. മകൾ അടുക്കളയിലിരുന്ന ഗോതമ്പ് മാവ് കൊണ്ട് കളിക്കുകയായിരുന്നു. അവളുടെ സഹോദരൻ ഒരു ഫൊട്ടോ എടുത്തു. അതേ ഫൊട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആ പടമെടുക്കുന്ന സമയത്ത് “ഉമ്മയില്ലാത്തപ്പോൾ ഞങ്ങളുടെ കാര്യം നോക്കാൻ തരത്തിൽ അനുജത്തി വളർന്നുവെന്ന് പറഞ്ഞ് അവൻ അവളെ കളിയാക്കി,” അവർ മരിക്കാത്ത ഓർമ്മകളലിലേയ്ക്ക് മിഴിനീട്ടി.

” എനിക്ക് നേരത്തെ ഒരു മകളെ നഷ്ടമായി. ഇപ്പോൾ രണ്ടാമത്തെ മകളെയും നഷ്ടമായി. ഇനിയും ഒരു പെൺകുട്ടിയെ വളർത്താൻ എനിക്ക് സാധിക്കില്ല, എനിക്ക് അവരെ സുരക്ഷിതമായി വളർത്താനാകില്ല. ഇപ്പോൾ എന്റെ ആൺമക്കൾ ജീവനോടെ ഇരുന്നാൽ മതി” വേദനകൊണ്ട് പുളയുന്ന മുഖത്ത് കണ്ണീരൊഴികിയിറങ്ങുന്നതിനിടയിൽ ആ നാൽപ്പതുകാരി പറഞ്ഞു

ഇപ്പോൾ കുഴിമാടത്തിലെ കുഞ്ഞിനെ കുറിച്ചുളള  ഓർമ്മകളാണ് ഉമ്മയോടൊപ്പമുളളത്. “അവളുടെ മൃതദേഹം ഞങ്ങളുടെ ഖബറിസ്ഥാനിൽ അടക്കാൻ അവർ സമ്മതിച്ചില്ല. ഏഴ് കിലോമീറ്റർ അകലേയ്ക്ക് ജീവനറ്റ അവളുടെ ശരീരവുമായി ഞങ്ങൾക്ക്  പോകേണ്ടി വന്നു. ഞങ്ങൾ ഭയത്തിന്റെ കയത്തിൽ വീണു. എല്ലാം ഉപേക്ഷിച്ചു. വീടുകൾ നശിപ്പിക്കുമെന്നും തിരികെ വരാൻ ഒന്നും ഉണ്ടാകില്ലെന്നും അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി. അവളുടെ കുഴിമാടത്തെ അവർ ഒന്നും ചെയ്യില്ലെന്ന പ്രതീക്ഷമാത്രമാണ് എനിക്ക് അവശേഷിക്കന്നുന്നത്.” അവർ പറഞ്ഞു.

Read More: ഇടതു കൈയ്യും വലതു കൈയ്യും തമ്മില്‍ തിരിച്ചറിയാത്ത കുട്ടിയാണ്, അവള്‍ക്കെന്ത് ഹിന്ദു-മുസ്‌ലിം?: കത്തുവ പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നു

Read In English: ‘The girl who loved horses, meadows… now in a lonely grave’

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kathua rape victims mother the girl who loved horses meadows now in a lonely grave