ന്യൂഡല്‍ഹി: കത്തുവയില്‍ ക്ഷേത്രത്തില്‍ പൂട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്‌ത് കൊല്ലപ്പെട്ട എട്ടു വയസുകാരി കൊല്ലപ്പെടും മുമ്പ് കോമയില്‍ പ്രവേശിച്ചിട്ടുണ്ടാകാമെന്ന് ഫൊറന്‍സിക് വിദഗ്‌ധര്‍. കുട്ടിയെ മയക്കി കിടത്താനായി അമിതമായ അളവില്‍ മയക്കുമരുന്ന് കൊടുത്തത് പെണ്‍കുട്ടിയെ കോമയിലേക്ക് തളളിയിട്ടതായാണ് ഫൊറന്‍സിക് വിദഗ്‌ധരുടെ നിഗമനം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അയച്ച കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയ്‌ക്ക് ശേഷമാണ് ഫൊറന്‍സിക് വിദഗ്‌ധര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്തരികാവയവത്തില്‍ നിന്നും പ്രാദേശികമായി ലഭിക്കുന്ന കഞ്ചാവ്, Epitri 0.5 mg ഗുളിക എന്നിവയുടെ അശംമാണ് കണ്ടെത്തിയത്. ഇതാണ് കുട്ടിയെ മയക്കാനായി പ്രതികള്‍ നിരന്തരമായി നല്‍കിയിരുന്നത്. ഒഴിഞ്ഞ ആമാശയത്തിലേക്ക് അമിതമായ രീതിയില്‍ മയക്കുമരുന്ന് കയറിയപ്പോഴാണ് കുട്ടി കോമയിലേക്കോ സമാനമായ അവസ്ഥയിലേക്കോ മാറിയതെന്നാണ് ഫൊറന്‍സിക് വിദഗ്‌ധരുടെ അഭിപ്രായം. ഇത്രയും ഭയാനകമായ പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടി ഒച്ചവച്ച് കരഞ്ഞില്ല എന്നത് സംശയകരമാണെന്ന് പ്രതിക്ക് വേണ്ടി അഭിഭാഷകരും സോഷ്യല്‍മീഡിയയില്‍ പ്രതികളെ പിന്തുണയ്‌ക്കുന്നവും വാദമുയര്‍ത്തിയിരുന്നു. കൂടുതല്‍ മെഡിക്കല്‍ പരിശോധന നടത്തി ഫൊറന്‍സിക് വിദഗ്‌ധരുടെ അഭിപ്രായം ബലപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ശ്രമം നടത്തുന്നത്.

ഏറെ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടുന്ന ക്ലോനസെപം സാള്‍ട്ട് ഗുളികയും (Clonazepam salt) കുട്ടിയുടെ ആന്തരികാവയവത്തിലുണ്ടായിരുന്നു. രോഗിയുടെ വയസും ശരീരഭാരവും അനുസരിച്ച് ഡോക്‌ടര്‍മാര്‍ നിർദ്ദേശിക്കുന്ന ഗുളികയാണിത്. 30 കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുട്ടിക്ക് കൊടുത്തത് മൂന്ന് പേര്‍ക്ക് കൊടുക്കാവുന്ന അലഴിലായിരുന്നുവെന്നാണ് ഡോക്‌ടര്‍മാര്‍ വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടു പോയി പൂട്ടിയിട്ടതിന് ശേഷം ജനുവരി 11ന് മാത്രം അഞ്ച് ഗുളികകളാണ് കുട്ടിക്ക് നല്‍കിയത്. ഫൊറന്‍സിക് വിദഗ്‌ധരുടെ അഭിപ്രായത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണ സംഘം പത്താന്‍കോട്ട് ജില്ലാ-സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

തെളിവുകൾ പരിശോധിച്ചതിൽനിന്നും പെൺകുട്ടിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയെന്ന് നേരത്തേ തെളിഞ്ഞിരുന്നു. പൊലീസ് ശേഖരിച്ച പ്രതികളുടെ ഡിഎൻഎ സാംപിളും മാച്ച് ആയി. ഒരു പാക്കറ്റിൽ രണ്ടു തലമുടിയാണ് ഉണ്ടായിരുന്നത്. പെൺകുട്ടി ബലാൽസംഗത്തിന് ഇരയായ ക്ഷേത്രത്തിന് അകത്തുനിന്നും കണ്ടെടുത്തതായിരുന്നു തലമുടി. ഇതിൽ ഒരെണ്ണം പെൺകുട്ടിയുടേതാണെന്നും മറ്റേത് പ്രതികളിൽ ഒരാളുടേതാണെന്നും സ്ഥിരീകരിച്ചതായി ഡൽഹി സർക്കാരിന്റെ ആഭ്യന്തര വകുപ്പുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

പെൺകുട്ടി ധരിച്ചിരുന്ന ഫ്രോക്കും ഫൊറൻസിക് പരിശോധനയ്‌ക്ക് അയച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടിയുടെ വസ്ത്രം പ്രതികൾ കഴുകിയിരുന്നു. പക്ഷേ ഫ്രോക്കിൽ ഒരു തുളളി രക്തം അവശേഷിച്ചിരുന്നു. ഇതാണ് പ്രതികൾക്കെതിരെയുളള നിർണായക തെളിവ്.

ജനുവരി 10 നാണ് ബഖേർവാല നാടോടി സമുദായത്തിൽ പെട്ട പെൺകുട്ടിയെ കാണാതാവുന്നത്. വീടിനു സമീപത്തായി തന്റെ കുതിരകളെ തീറ്റാൻ കൊണ്ടുപോയതാണ് 8 വയസുകാരി. അപ്പോഴാണ് പ്രതികളിൽ ഒരാൾ കാണാതായ കുതിരയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അവിടെവച്ച് പെൺകുട്ടിയെ മയക്കി തട്ടിയെടുത്തു.

സമീപത്തെ ക്ഷേത്രത്തിൽ പാർപ്പിച്ച് 8 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തു. ജനുവരി 14 ന് കല്ലുകൊണ്ട് തലയ്‌ക്കിടിച്ചു പെൺകുട്ടിയെ കൊന്നു. ജനുവരി 17നു ക്ഷേത്രത്തിനു അധികം അകലെ അല്ലാതെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കത്തുവ കേസിൽ 8 പ്രതികളാണ് ഉളളത്. ഇതിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്യാൻ പദ്ധതിയിട്ട സഞ്ജി റാം ആണ് മുഖ്യപ്രതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ