ശ്രീനഗര്‍: കത്തുവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമായി ഹിന്ദു ഏകതാ മഞ്ച് രംഗത്ത്. സുപ്രീം കോടതിയില്‍ നില്‍ക്കുന്ന കേസ് നടത്തുന്നതിനായി സംഭാവന ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തില്‍ ‘യഥാര്‍ത്ഥ കുറ്റവാളികള്‍’ രക്ഷപ്പെട്ടുകൂട എന്നും പറയുന്നു.
സിബിഐ അന്വേഷണത്തിന് വേണ്ടി “എത്രയും പെട്ടെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും” എന്ന് പറയുന്ന സംഘടന അതിനായ് ഒരു സംഘം അഭിഭാഷകരെ നിയമിക്കും എന്നും പറയുന്നു. നേരത്തെ കത്തുവ സംഭവത്തില്‍ കുറ്റാരോപിതരായവരെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്ന സംഘടനയാണ് ഹിന്ദു ഏകതാ മഞ്ച്.
“യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും നിരപരാധികളെ വിട്ടയയ്ക്കുകയും ചെയ്യണം എങ്കില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് ഞങ്ങള്‍ ഓരോരുത്തരും തിരിച്ചറിയുന്നു. കൊലപാതകത്തിന് പിന്നിലെ വലിയ ഗൂഢാലോചന വെളിപ്പെടുന്നതിനും സിബിഐ അന്വേഷണം അനിവാര്യമാണ്.” ഹിന്ദു ഏകതാ മഞ്ച് പുറത്തിറക്കിയ കത്തില്‍ പറയുന്നു,
കത്തുവ സംഭവത്തെ പിന്‍പറ്റി രസാനയിലും പരിസരത്തെ ഗ്രാമങ്ങളിലും പല വിധത്തിലുള്ള അതിക്രമങ്ങള്‍ നടക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ വീട് ഉപേക്ഷിച്ച് മറ്റ് പ്രദേശങ്ങള്‍ക്ക് കുടിയേറിയതായും ആരോപണമുണ്ട്.
“ഇങ്ങനെ സംഭവിക്കുകയാണ് എങ്കില്‍ ജമ്മു പ്രദേശത്ത് വരുന്ന ഈ സ്ഥലങ്ങളില്‍ കാര്യമായ മുസ്‌ലിം ജനസംഖ്യാ വര്‍ദ്ധനവ് ഉണ്ടാകും. ജമ്മു കശ്മീരിലെ ജനസംഖ്യയില്‍ കൊണ്ടുവരുന്നതായ ഈ മാറ്റങ്ങള്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ജിഹാദിന്റെ ഭാഗമാണ് ” ഹിന്ദു ഏകതാ മഞ്ചിന്റെ കത്തില്‍ പറയുന്നു.
കത്തുവ സംഭവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പൊലീസ് പീഡനവും ബലാത്സംഗവും നടത്തിയതായി പറയുന്ന മൂന്ന് സാക്ഷികളുടെ മൊഴി എടുക്കും എന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. മെയ് 16 തിങ്കളാഴ്‌ചയാണ് കേസ് പരിഗണിക്കുക.
ന്യൂനപക്ഷമായ നാടോടി മുസ്‌ലിം വിഭാഗത്തിലെ എട്ടുവയസുകാരി പെണ്‍കുട്ടിയെ കാണാതാകുന്നത് ജനുവരി പത്താം തീയതിയാണ്. ഒരാഴ്ചയ്ക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.