ജമ്മു: രാജ്യത്തെ നടുക്കിയ കത്തുവ കൂട്ട ബലാൽസംഗ കേസിൽ പ്രതികൾക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകൾ. ഡൽഹി ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടന്ന പരിശോധനയിൽ പെൺകുട്ടിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ ശേഷമാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നത് വ്യക്തമായി. 14 തെളിവുകളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ലബോറട്ടറിയിൽ എത്തിച്ചത്. ഇതിൽ തലമുടി, പ്രതികളുടെ രക്തം, പെൺകുട്ടിയുടെ രക്തം, പ്രതികളുടെ ഡിഎൻഎ സാംപിൾ, പെൺകുട്ടിയുടെ വസ്ത്രം എന്നിവയും ഉണ്ടായിരുന്നു. മാർച്ച് ഒന്നിനും 21 നും ഇടയിലായിട്ടാണ് തെളിവുകൾ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചത്.
തെളിവുകൾ പരിശോധിച്ചതിൽനിന്നും പെൺകുട്ടിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയെന്ന് തെളിഞ്ഞതായി സീനിയർ ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് ശേഖരിച്ച പ്രതികളുടെ ഡിഎൻഎ സാംപിളും മാച്ച് ആയതായി ലാബ് വ്യക്തമാക്കി. ഡിഎൻഎ ഡിപ്പാർട്മെന്റിൽനിന്നുളള 8 പേരടങ്ങിയ സംഘമാണ് തെളിവുകൾ പരിശോധിച്ചത്.
ഒരു പാക്കറ്റിൽ രണ്ടു തലമുടിയാണ് ഉണ്ടായിരുന്നത്. പെൺകുട്ടി ബലാൽസംഗത്തിന് ഇരയായ ക്ഷേത്രത്തിന് അകത്തുനിന്നും കണ്ടെടുത്തതായിരുന്നു തലമുടി. ഇതിൽ ഒരെണ്ണം പെൺകുട്ടിയുടേതാണെന്നും മറ്റേത് പ്രതികളിൽ ഒരാളുടേതാണെന്നും സ്ഥിരീകരിച്ചതായി ഡൽഹി സർക്കാരിന്റെ ആഭ്യന്തര വകുപ്പുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
പെൺകുട്ടി ധരിച്ചിരുന്ന ഫ്രോക്കും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടിയുടെ വസ്ത്രം പ്രതികൾ കഴുകിയിരുന്നു. പക്ഷേ ഫ്രോക്കിൽ ഒരു തുളളി രക്തം അവശേഷിച്ചിരുന്നു. ഇതാണ് പ്രതികൾക്കെതിരെയുളള നിർണായക തെളിവ്.
കത്തുവയിൽ 8 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലാൻ പദ്ധതിയിട്ടത് സഞ്‌ജി റാം
ജനുവരി 10 നാണ് ബഖേർവാല നാടോടി സമുദായത്തിൽ പെട്ട പെൺകുട്ടിയെ കാണാതാവുന്നത്. വീടിനു സമീപത്തായി തന്റെ കുതിരകളെ തീറ്റാൻ കൊണ്ടുപോയതാണ് 8 വയസുകാരി. അപ്പോഴാണ് പ്രതികളിൽ ഒരാൾ കാണാതായ കുതിരയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അവിടെവച്ച് പെൺകുട്ടിയെ മയക്കി തട്ടിയെടുത്തു.
സമീപത്തെ ക്ഷേത്രത്തിൽ പാർപ്പിച്ച് 8 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ജനുവരി 14 ന് കല്ലുകൊണ്ട് തലയ്ക്കിടിച്ചു പെൺകുട്ടിയെ കൊന്നു. ജനുവരി 17നു ക്ഷേത്രത്തിനു അധികം അകലെ അല്ലാതെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
കത്തുവ കേസിൽ 8 പ്രതികളാണ് ഉളളത്. ഇതിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്യാൻ പദ്ധതിയിട്ട സഞ്ജി റാം ആണ് മുഖ്യപ്രതി.