ജമ്മു: കത്തുവയിൽ എട്ടു വയസുകാരി കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. പെൺകുട്ടി ബലാൽസംഗത്തിന് ഇരയായ വിവരം അറിഞ്ഞത് നാലു ദിവസത്തിനു ശേഷമെന്ന് മുഖ്യപ്രതി സഞ്ജി റാം ചോദ്യം ചെയ്യലിൽ പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. മകനും പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന് മനസിലാക്കിയപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും സഞ്ജി റാം അന്വേഷണ സംഘത്തോട് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ജനുവരി 10 നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. അതേ ദിവസം തന്നെ സഞ്ജി റാമിന്റെ അനന്തരവൻ (പ്രായപൂർത്തിയാകാത്ത) പെൺകുട്ടിയെ പീഡിപ്പിച്ചു. ബഖേർവാല നാടോടി സമൂഹത്തിൽപെട്ട പെൺകുട്ടി ദിവസങ്ങളോളം പീഡനത്തിന് ഇരയായത് സഞ്ജി റാം ചുമതലക്കാരനായ ക്ഷേത്രത്തിൽവച്ചാണ്. കത്തുവയിലെ രസാന ഗ്രാമത്തിൽ ബഖേർവാല നാടോടി സമൂഹം താമസിക്കുന്നത് സഞ്‌ജി റാമിന് ഇഷ്ടമല്ലായിരുന്നു. അവരെ അവിടെനിന്നും ഓടിക്കാനാണ് ഈ ക്രൂരകൃത്യം നടത്താൻ ഇയാൾ പദ്ധതിയിട്ടതെന്നും അന്വേഷണ സംഘം പറഞ്ഞു.
ജനുവരി 10 നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെങ്കിലും 14 നാണ് ബലാൽസംഗത്തിന് ഇരയായ വിവരം താൻ അറിഞ്ഞതെന്ന് സഞ്ജി റാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒരു ദിവസം ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തിയശേഷം പ്രസാദം വീട്ടിൽ കൊടുക്കാൻ അനന്തരവനോട് ആവശ്യപ്പെട്ടു. പക്ഷേ അനന്തരവൻ പ്രസാദം കൊണ്ടുപോകാൻ വൈകിപ്പിച്ചു. ഇതിൽ കുപിതനായ സഞ്ജി റാം അനന്തരവനെ അടിച്ചു.
പെൺകുട്ടിയെ ബലാൽസംഗം ചെയ്ത വിവരം സഞ്ജി റാം അറിഞ്ഞു കാണുമെന്നും അതിനാലാണ് തന്നെ അടിച്ചതെന്നുമാണ് അനന്തരവൻ കരുതിയത്. ഈ സമയത്താണ് പെൺകുട്ടിയെ താൻ മാത്രമല്ല സഞ്ജി റാമിന്റെ മകനും ക്ഷേത്രത്തിനകത്ത് വച്ച് ബലാൽസംഗം ചെയ്തുവെന്ന് അന്തരവൻ പറഞ്ഞത്. അതിനുശേഷമാണ് പെൺകുട്ടിയെ കൊല്ലാൻ സഞ്ജി റാം തീരുമാനിച്ചത്. മകനെതിരെ ഒരു തെളിവും ഉണ്ടാകാൻ പാടില്ലെന്ന് തീരുമാനിച്ചു. പെൺകുട്ടിയെ കൊന്നാൽ രസാന ഗ്രാമത്തിൽ ബഖേർവാല നാടോടി സമൂഹത്തെ തുരത്താൻ സാധിക്കുമെന്നും സഞ്ജി റാം കരുതിയതായി കുറ്റപത്രത്തിൽ പറയുന്നു.
ജനുവരി 14 നാണ് പെൺകുട്ടിയെ കൊന്നതെങ്കിലും അന്നു കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ല. ഹിരാനഗർ കനാലിനു സമീപത്തായി പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചു മൂടാമെന്നാണ് കരുതിയത്. പക്ഷ മൃതദേഹം കൊണ്ടുപോകാൻ വാഹനം സമയത്തിന് എത്തിയില്ല. പെൺകുട്ടിയുടെ മൃതദേഹം തിരികെ ക്ഷേത്രത്തിനകത്ത് കൊണ്ടുപോയി സൂക്ഷിച്ചു. തൊട്ടടുത്ത ദിവസം തന്റെ സുഹൃത്ത് കാർ കൊണ്ടു വരാൻ മടിക്കുന്നുവെന്നും മൃതദേഹം കാട്ടിൽ ഉപേക്ഷിക്കാൻ അന്തരവനോടും മകനോടും സഞ്ജി റാം ആവശ്യപ്പെട്ടതയി അന്വേഷണ സംഘം വെളിപ്പെടുത്തി.
ജനുവരി 10 നാണ് ബഖേർവാല നാടോടി സമുദായത്തിൽ പെട്ട പെൺകുട്ടിയെ കാണാതാവുന്നത്. വീടിനു സമീപത്തായി തന്റെ കുതിരകളെ തീറ്റാൻ കൊണ്ടുപോയതാണ് 8 വയസുകാരി. അപ്പോഴാണ് പ്രതികളിൽ ഒരാൾ കാണാതായ കുതിരയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അവിടെവച്ച് പെൺകുട്ടിയെ മയക്കി തട്ടിയെടുത്തു.
സമീപത്തെ ക്ഷേത്രത്തിൽ പാർപ്പിച്ച് 8 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ജനുവരി 14 ന് കല്ലുകൊണ്ട് തലയ്ക്കിടിച്ചു പെൺകുട്ടിയെ കൊന്നു. ജനുവരി 17നു ക്ഷേത്രത്തിനു അധികം അകലെ അല്ലാതെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
കത്തുവ കേസിൽ 8 പ്രതികളാണ് ഉളളത്. ഇതിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്യാൻ പദ്ധതിയിട്ട സഞ്ജി റാം ആണ് മുഖ്യപ്രതി.