ജമ്മു: കത്തുവ കേസിലെ പ്രതിയെ ജുവനൈലായി പരിഗണിച്ച വിചാരണ കോടതി നടപടിക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വർഷങ്ങൾക്കു മുൻപ് പ്രതിയുടെ പിതാവ് മൂന്നു മക്കളുടെ ജനന തീയതി റജിസ്റ്റർ ചെയ്യാൻ തഹസിൽദാർക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണക്കാക്കിയത്. എന്നാൽ പ്രതിയുടെ പിതാവ് നൽകിയ അപേക്ഷയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

പ്രതിയുടെ പിതാവ് തഹസിൽദാർക്ക് നൽകിയ അപേക്ഷയ്ക്കൊപ്പം പ്രതിയുടെ പ്രായത്തെക്കുറിച്ചുളള ജമ്മു സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ റിപ്പോർട്ടും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതിയുടെ പ്രായം 19 ന് താഴെയല്ലെന്നും 23 ൽ കൂടുതല്ലെന്നുമാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്.

14 വർഷങ്ങൾക്കു മുൻപ് ജനിച്ച മൂന്നു മക്കളുടെ ജനനതീയതി റജിസ്റ്റർ ചെയ്യുന്നതിനായി 2004 ഏപ്രിൽ 15 നാണ് പ്രതിയുടെ പിതാവ് ഹിരാനഗർ തഹസിൽദാർക്ക് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ ആദ്യ കുട്ടിയുടെ ജനനം നവംബർ 23, 1997, രണ്ടാമത്തെ കുട്ടിയുടെ ജനനം ഫെബ്രുവരി 21, 1998, ഇളയ കുട്ടിയുടെ ജനനം ഒക്ടോബർ 23, 2002 എന്നുമാണ് എഴുതിയിരിക്കുന്നത്. ഇതിൽ ഇളയ കുട്ടിയാണ് കത്തുവയിൽ എട്ടു വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലെ പ്രതി.

പ്രതിയുടെ പിതാവിന്റെ അപേക്ഷയിൽ മൂത്ത കുട്ടിയും രണ്ടാമത്തെ കുട്ടിയും തമ്മിൽ രണ്ടു മാസവും 28 ദിവസവും വ്യത്യാസമേ ഉളളൂ. ഇക്കാര്യം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല പ്രതിയുടെ ജനനം തെളിയിക്കുന്നതിന് മുൻസിപ്പൽ കമ്മിറ്റിയിൽനിന്നോ അല്ലെങ്കിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽനിന്നോ ഒരു രേഖയും പിതാവ് സമർപ്പിച്ചിട്ടില്ല. മാത്രമല്ല പിതാവ് നൽകിയ അപേക്ഷയിൽ ആദ്യ രണ്ടു കുട്ടികളും ജനിച്ചത് എവിടെയാണെന്ന് പറഞ്ഞിട്ടില്ല. മൂന്നാമത്തെ കുട്ടി ജനിച്ചത് ഹിരാനഗറിലെ സർക്കാർ ആശുപത്രിയിലാണെന്നാണ് പറഞ്ഞിരിക്കുന്നത്.

ബ്ലോക്ക് മെഡിക്കൽ ഓഫിസർ ആശുപത്രി രേഖകൾ പരിശോധിച്ചുവെങ്കിലും 2002 ഒക്ടോബർ 23 ന് പ്രതിയുടെ മാതാവിന്റെ പേരിൽ പ്രസവം റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ക്ലിനിക്കൽ ടെസ്റ്റിന്റെയും ബാഹ്യരൂപത്തിന്റെയും അടിസ്ഥാനത്തിൽ പ്രതിയുടെ പ്രായം 19 നും 23 നും ഇടയ്ക്കെന്നാണ് മെഡിക്കൽ ബോർഡ് നിർണയിച്ചത്.

ജുവൈനൽ ആയി വിചാരണ കോടതി കണക്കാക്കിയ പ്രതിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനും കൂട്ട ബലാൽസംഗം ചെയ്യുന്നതിലും കൊലപ്പെടുത്തുന്നതിലും മുഖ്യ പങ്കു വഹിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായതാണെന്നും ക്രൈംബ്രാഞ്ച് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കത്തുവ കേസിൽ എട്ടു പ്രതികളാണുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook