ന്യൂഡല്‍ഹി: കത്തുവ കൂട്ടബലാൽസംഗ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ ഛണ്ഡിഗഡിലേക്കു മാറ്റുക, കേസ് സിബിഐയ്ക്കു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജികളിന്മേലാണ് വാദം. നേരത്തെ കേസിന്റെ വിചാരണ തിങ്കളാഴ്‌ച വരെ നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, കേസ് സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി പറഞ്ഞു. പൊലീസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് എല്ലായ്പ്പോഴും കേസുകള്‍ പുതിയ അന്വേഷണ സംഘത്തിന് വിടാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അവരുടെ മതത്തിന്റെ പേരില്‍ വിലയിരുത്തുന്നത് നാണക്കേടും അപകടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലെ പൊലീസിനെ വിശ്വാസമില്ലെങ്കില്‍ പിന്നെ സംസ്ഥാനത്ത് വിശ്വസിക്കാന്‍ തക്കതായ മറ്റൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.

വിചാരണ ഛണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ പിതാവും കേസ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു പ്രതികളുമാണ് ഹര്‍ജി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ എട്ടു പേരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്.

ജനുവരി 10നായിരുന്നു ന്യൂനപക്ഷ വിഭാഗക്കാരിയായ എട്ടുവയസുകാരിയെ ജമ്മുവിലെ കത്തുവയ്ക്കു സമീപത്തു നിന്നു കാണാതാകുന്നത്. പിന്നീട് ഒരാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നു കത്തുവ പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. മകള്‍ക്കു നീതി ലഭിക്കുക മാത്രമാണു തന്റെ ലക്ഷ്യമെന്നും പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook