ജമ്മു: “ഹിന്ദുവാണോ മുസല്‍മാനാണോ എന്നൊക്കെ അവള്‍ ചിന്തിച്ചു കാണുമോ?”, സന്‍സാറിലെ മലനിരകളില്‍ എവിടെയോ നിന്ന് അയാള്‍ ചോദിക്കുകയാണ്.

അയാളുടെ എട്ടു വയസായ മകളുടെ ക്രൂര പീഡനവും മരണവും ജമ്മു കശ്മീരിലെ രാഷ്ട്രീയ പോരിലെ പുതിയ ആയുധമായി മാറുമ്പോള്‍ ആ ബഖര്‍വാള്‍ കുടുംബം യാത്രയിലാണ്. എല്ലാ വേനല്‍ക്കാലത്തുമെന്ന പോലെ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളേയും കൂട്ടി 600 കിലോമീറ്ററോളം നീണ്ട ഒരു യാത്ര.

ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവേ ആ 35കാരന്‍ കരഞ്ഞു. “പ്രതികാരം തീര്‍ക്കണമെങ്കില്‍ വേറെ ആരെയെങ്കിലും കണ്ടെത്തിക്കൂടായിരുന്നോ അവര്‍ക്ക്? അവളെപ്പോലെ നിഷ്കളങ്കയായ ഒരു കുട്ടിയെത്തന്നെ വേണമായിരുന്നോ? ഇടതു കൈയ്യേത് വലത് കൈയ്യേത് എന്ന് പോലും അവള്‍ക്കു ഇപ്പോഴും തിരിച്ചറിയാന്‍ ആയിട്ടില്ല. ഹിന്ദുവേത്, മുസ്‌ലിമേത് എന്ന് അവളെങ്ങനെ അറിയാന്‍?”

മൂന്ന് കുട്ടികളില്‍ ഇളയവളാണ് അവള്‍. മുകളിലുള്ളത് രണ്ടു ആണ്‍കുട്ടികള്‍, അവര്‍ കത്തുവയില്‍ താമസിച്ചിരുന്ന സമയത്ത് അയല്‍ഗ്രാമത്തിലെ സ്കൂളില്‍ 11, 6 ക്ലാസുകളില്‍ പഠിച്ചിരുന്നു.

തന്‍റെ സഹോദരിയുടെ അടുക്കല്‍ നിന്നും ദത്തെടുത്തതാണ് അച്ഛന്‍ മൂന്നാമത്തെ മകളെ. ഒരു അപകടത്തില്‍ രണ്ടു മക്കളെ നഷ്ടപ്പെട്ട സങ്കടം നികത്താന്‍.

“ഞങ്ങള്‍ പുറത്തു പോകുമ്പോള്‍ അമ്മയ്ക്ക് കൂട്ടിരുന്നത് അവളായിരുന്നു.”, അയാള്‍ പറഞ്ഞു.

അവള്‍ക്കു മൃഗങ്ങളെ ഇഷ്ടമായിരുന്നു, പ്രത്യേകിച്ച് കുടുംബം പോറ്റിയിരുന്ന കുതിരകളെ, അവരുടെ വീട്ടില്‍ പുതുതായി ജനിച്ച രണ്ടു ആട്ടിന്‍ കുഞ്ഞുങ്ങളെ. ദിവസവും അവളായിരുന്നു തീറ്റ കൊടുത്തിരുന്നത്. അവള്‍ അടുക്കളയില്‍ അമ്മയെ സഹായിക്കുകയും ചെയ്തിരുന്നതായി ആ അച്ഛന്‍ ഓര്‍ക്കുന്നു.

“ഞാന്‍ എപ്പോള്‍ പുറത്തു പോയാലും കൂടെ വരണം എന്നവള്‍ വാശി പിടിക്കുമായിരുന്നു.”

ഏറ്റവുമൊടുവില്‍ അച്ഛനമ്മമാരോടൊത്ത് അവള്‍ പുറത്തു പോയത് ജനുവരിയിലാണ്. ഒരു ബന്ധുവിന്റെ വിവാഹത്തിന് ധരിക്കാൻ വസ്ത്രം വാങ്ങുന്നതിനായി സംബ നഗരത്തിലേക്ക്. എന്നാല്‍ ആ വിവാഹത്തിന് നാല് ദിവസം മുന്‍പ്, ജനുവരി 10ന് അവളെ തട്ടിക്കൊണ്ടു പോയി. അവള്‍ അന്ന് ധരിച്ചിരുന്ന വേഷങ്ങളാണ് ആദ്യം കണ്ടെത്തിയത്, പുറകെ അവളുടെ ജീവനറ്റ ശരീരവും.

ഇക്കൊല്ലം അവളെ ഒരു ‘പ്രൈവറ്റ് അക്കാദമി’യില്‍ ചേര്‍ക്കണം എന്ന് അവളുടെ അമ്മ ആഗ്രഹിച്ചിരുന്നു. “അവളെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കണം എന്നോ ടീച്ചര്‍ ആക്കണം എന്നോ കരുതിയിട്ടില്ല ഞങ്ങള്‍. അത്തരം വലിയ മോഹങ്ങളുമില്ല ഞങ്ങള്‍ക്ക്. പഠിപ്പുണ്ടെങ്കില്‍ അവള്‍ക്ക് സ്വയം നോക്കാന്‍ സാധിക്കും എന്നും ഒരു നല്ല ജീവിതമാര്‍ഗം ഉണ്ടാകും എന്നും വിചാരിച്ചു. കാണാന്‍ ഭംഗിയുള്ള കുട്ടിയായത് കൊണ്ട്, ഒരു നല്ല വീട്ടിലേക്ക് വിവാഹം കഴിച്ച് അയയ്ക്കാനും ബുദ്ധിമുട്ടുണ്ടാകില്ല എന്ന് കരുതി. ഒരു കൂട്ടം കാപാലികര്‍ അവളെ ഇങ്ങനെ തട്ടിപ്പറിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല.”, ആ അച്ഛന്‍ പറഞ്ഞു.

കത്തുവയിലെത്തിയ നാടോടികളായവരുടെ ചരിത്രത്തിലിതുവരെ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. “ഞങ്ങളുടെ പെൺമക്കൾ അവിടങ്ങളിലെ സ്കൂളുകളിൽ പോകുന്നു, ഹിന്ദുക്കളായ അയൽവാസികൾക്കൊപ്പം സഹോദര സ്നേഹത്തോടെയാണ് കഴിയുന്നത്. അവരുടെ വീടുകളിൽ പോവുകയും അവരുടെ വിവാഹമടക്കമുളള ചടങ്ങളുകളിൽ പങ്കെടുക്കകയും ചെയ്യാറുണ്ടെന്ന് ആ അച്ഛൻ പറയുന്നു.

കാര്യങ്ങൾ മാറി മറിയാൻ തുടങ്ങിയത് കഴിഞ്ഞ കുറച്ച് വർഷങ്ങായിട്ടാണെന്ന് ആ മുപ്പത്തിയഞ്ചുകാരൻ പറയുന്നു. ‘ജമ്മുവിൽ നിന്നും കശ്മീരിലേയ്ക്ക് പശുക്കളെ വിൽക്കാനായി കടത്തുന്നുവെന്നും ലഹരി വിൽക്കുന്നുവെന്നും ഞങ്ങളുടെ കന്നുകാലികൾ അവരുടെ വിളകൾ നശപ്പിക്കുന്നുവെന്നും ഞങ്ങളുടെ താമസം ഹിന്ദുക്കൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും തുടങ്ങിയ ക്രൂരമായ ആരോപണങ്ങൾ ഞങ്ങൾക്കെതിരെ ഉന്നയിച്ച് ഇവിടുത്തെ ജനങ്ങളെ ഞങ്ങൾക്കെതിരെ തിരിച്ചുവിടുന്നതിൽ​ ഇതിലെ പ്രതി ശ്രമിച്ചിരുന്നു” അദ്ദേഹം പറഞ്ഞു.

ആ പിതാവ് മുൻ റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാമിന് നേരെയാണ് വിരൽ ചൂണ്ടുന്നത്. വിരമിച്ചശേഷം ആ ഗ്രാമത്തിലെ മുതിർന്നയാളിന്റെ റോളെടുത്ത സഞ്ജി റാം തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു “അവർ ആ ഗ്രാമത്തിലെ റോഡിലൂടെ നടന്നുപോകാൻ പോലും അനുവദിക്കില്ലായിരന്നു. അവിടെ എത്തിപ്പെടുന്ന, അലഞ്ഞുതിരിയുന്ന ആടുകളെ തിരികെ നൽകാൻ പോലും അവർ തയ്യാറാകില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അങ്ങനെയൊക്കെയാണെങ്കിലും ഇങ്ങനെയൊരു ക്രിമിനൽ ക്രൂരത ചെയ്യുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. “ഞങ്ങളുടെ കന്നുകാലികൾ, അവരുടെ വിളകൾ നശിപ്പിക്കുന്നുവെന്ന പേരിൽ​ സഞ്ജി റാമിന് ഞങ്ങളോട് ദേഷ്യമുണ്ടായാലുംം അവർ ഞങ്ങളെ മർദ്ദിക്കുകയോ കേസ് എടുക്കകയോ പിഴ ഈടാക്കുകയോ ചെയ്യുമെന്നോ മാത്രമേ ഞാൻ കരുതിയുളളൂ. ഇങ്ങനെയൊന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല”. വേദന നിറഞ്ഞ വാക്കുകൾ അടർന്നു വീണു.

ദേവസ്ഥാനത്ത് (പ്രാർത്ഥന മുറി) വച്ചാണ് തന്റെ മകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്ന് ആ അച്ഛന്റെ ഹൃദയം തകർത്തിരിക്കുന്നു. ആ​ പ്രദേശത്തുകൂടെയാണ് അദ്ദേഹം ദിവസവും നടന്നുപോയത്. കേസിലെ പ്രതികളിലൊരാളായ പൊലീസ് ഉദ്യോഗസ്ഥനായ (എസ്‌പിഒ) ദീപക് കജൂരിയ എപ്പോഴും അവിടെ പുറത്ത് കാണാമായിരുന്നു. ഞങ്ങളൊരിക്കലും മകളെ ആ പ്രാർത്ഥന മുറിയിൽ അന്വേഷിച്ചില്ല കാരണം, ഞങ്ങൾക്കറിയാം അത് പുണ്യസ്ഥലമാണെന്ന്” ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ അച്ഛൻ പറയുന്നു.

അദ്ദേഹവും കുടുംബവും 200, 250 ആടുകളും ഒരു ഡസനോളം വരുന്ന കുതിരകളുമായി കാർഗിലിലേയ്ക്ക് വേനൽകാലത്തെ അതിജീവിക്കാനായി പോവുകയാണ്. “ഞങ്ങളുടെ ഏറ്റവും വലിയ കോടതി അളളായാണ്. എല്ലാവരുടെയും അന്തിമ വിധി ആ കോടതിയിലേയ്ക്ക് ഞങ്ങൾ വിട്ടു കൊടുക്കുന്നു. അള്ളാ അന്തിമവിധി തീരുമാനിക്കും. എല്ലാം അളളായ്ക്ക് വിട്ട് കൊടുക്കുന്നു” അദ്ദേഹം പറയുന്നു.

“ഞാൻ ഏറ്റവും ദുർബലനായ മനുഷ്യനാണ് എന്നതിനാലാകാം അവരുടെ ഇരയായത്. പക്ഷേ, ദൈവം എല്ലാം കാണുന്നുണ്ട്. ദൈവത്തിന് ശരിയും തെറ്റും എന്താണെന്ന് അറിയാം.”

കാർഗിലിൽ ശൈത്യം ശക്തമാകുമ്പോൾ എല്ലാ വർഷത്തെയും പോലെ വരുന്ന സെപ്റ്റംബറിൽ വീണ്ടും കത്തുവ ഗ്രാമത്തിലേയ്ക്ക് വരും “ഞങ്ങൾ എന്തിന് തിരികെ പോകാതിരിക്കണം? അവിടെ ഞങ്ങളുടെ വീടുണ്ട്. ഏറിയാൽ അവർ ഞങ്ങളെ കൊല്ലുമായിരിക്കും” അദ്ദേഹം പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ