ന്യൂഡൽഹി: കത്തുവയിൽ പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി ബലാൽസംഗം ചെയ്ത കേസിന്റെ വിചാരണ ഈ മാസം 28ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണിത്. പെൺകുഞ്ഞിനെ ബലാൽസംഗം ചെയ്ത് കൊന്ന കേസിലെ എട്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. തങ്ങൾ നിരപരാധികളാണെന്നും നുണ പരിശോധനയ്ക്ക് തങ്ങൾ തയ്യാറാണെന്നും പ്രതികൾ കോടതിയെ അറിയിച്ചു.

അതേസമയം കേസിലെ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തന്നെ വിധി പറയും. കേസിലെ ചാർജ്ജ് ഷീറ്റിന്റെ പകർപ്പ് പ്രതികൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു.

ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അഭിഭാഷക രംഗത്തെത്തി. കോടതിയിലും നാട്ടിലും ഒറ്റപ്പെടുത്തിയെന്നും മാനഭംഗപ്പെടുത്തിയേക്കാമെന്നും അഭിഭാഷക ദീപിക സിങ് രജാവത് പറഞ്ഞു. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും ദീപികാ സിങ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ