ന്യൂഡൽഹി: കശ്മീരിൽ എട്ടു വയസുകാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി  കൊല്ലപ്പെടുത്തിയ കേസിന്റെ വിചാരണ കശ്മീരിനു പുറത്ത് നടത്താൻ സുപ്രീം കോടതി അനുമതി. കേസിന്റെ വിചാരണ പഞ്ചാബിലെ പഠാൻകോട്ടിലേക്ക് മാറ്റി കോടതി ഉത്തരവ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. വിചാരണ പുറത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് പ്രതികൾ നൽകി ഹർജി സുപ്രീം കോടതി തളളി.

കത്തുവ കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാണ് കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കുടുംബം ആവശ്യപ്പെട്ടത്. ജമ്മു കശ്മീർ കോടതിയിലാണ് വിചാരണ നടക്കുന്നതെങ്കിൽ നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് കുടുംബം ഹർജിയിൽ ആരോപിച്ചിരുന്നു. അവിടുത്തെ അഭിഭാഷകരെല്ലാം തന്നെ കേസിൽ ഹാജരാകുന്ന അഭിഭാഷകർക്ക് എതിരാണ്. അഭിഭാഷകർക്ക് ഭീഷണി നിലനിൽക്കുന്നുണ്ട്. നീതിയുക്തമായ വിചാരണ നടക്കണമെങ്കിൽ സംസ്ഥാനത്തേക്ക് പുറത്തേക്ക് മാറ്റണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.

വിചാരണ ചണ്ഡിഗഡിലേക്ക് മാറ്റണമെന്നാണ് കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും ദൂരം യാത്ര ചെയ്യാൻ സാക്ഷികൾക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതിയെ അറിയിച്ചു. അവരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് വിചാരണ പഠാൻകോട്ടിലേക്ക് മാറ്റിയത്. അതേസമയം, കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി തളളി.

Read More:  കത്തുവാ പെൺകുട്ടിയുടെ അമ്മ പറയുന്നു: “കുതിരകളെയും പുൽമേടുകളെയും സ്നേഹിച്ചിരുന്ന ആ പെൺകുഞ്ഞ് ഇന്ന് ഏകയായി കുഴിമാടത്തിലാണ്” 

എട്ടുവയസ്സുകാരിയെ തടവിൽവച്ചു പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ ഒരു പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ എട്ടുപേരെ പ്രതിചേർത്താണു ജമ്മു കശ്മീർ പൊലീസ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച രണ്ടു പൊലീസുകാരും പ്രതികളുടെ കൂട്ടത്തിലുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്യാൻ പദ്ധതിയിട്ട സഞ്ജി റാം ആണ് മുഖ്യപ്രതി.

ജനുവരി 10 നാണ് നാടോടി മുസ്‌ലിം സമുദായമായ ബക്കർവാൾ വിഭാഗത്തിൽപ്പെട്ട  പെൺകുട്ടിയെ കാണാതാവുന്നത്. വീടിനു സമീപത്തായി തന്റെ കുതിരകളെ തീറ്റാൻ കൊണ്ടുപോയതാണ് 8 വയസുകാരി. അപ്പോഴാണ് പ്രതികളിൽ ഒരാൾ കാണാതായ കുതിരയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അവിടെവച്ച് പെൺകുട്ടിയെ മയക്കി തട്ടിയെടുത്തു.

സമീപത്തെ ക്ഷേത്രത്തിൽ പാർപ്പിച്ച് 8 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ജനുവരി 14 ന് കല്ലുകൊണ്ട് തലയ്ക്കിടിച്ചു പെൺകുട്ടിയെ കൊന്നു. ജനുവരി 17നു ക്ഷേത്രത്തിനു അധികം അകലെ അല്ലാതെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

Read More: ഇടതു കൈയ്യും വലതു കൈയ്യും തമ്മില്‍ തിരിച്ചറിയാത്ത കുട്ടിയാണ്, അവള്‍ക്കെന്ത് ഹിന്ദു-മുസ്‌ലിം?: കത്തുവ പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook