ന്യൂഡൽഹി: കത്തുവയിൽ എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജമ്മുകശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‌‍ജിയിലാണ് നടപടി. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടി തേടിയാണ് നോട്ടീസ് അയച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകരായ ജീപിക രജാവത്ത്, താലിബ് ഹുസൈന്‍ എന്നിവര്‍ക്കും സുരക്ഷ ഏര്‍പ്പാടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഈ മാസം 27നകം നോട്ടീസിന് മറുപടി നൽകാനാണ് കോടതിയുടെ നിർദ്ദേശം. കശ്മീരില്‍ കേസ് നടന്നാൽ നീതി ലഭിക്കില്ലെന്നും അതിനാൽ വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്നും പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കൂടാതെ ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തരാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട മറ്റ് ഹര്‍ജികള്‍ തളളിക്കളയണമെന്നും കുട്ടിയുടെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടു.

വിചാരണ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചതിനാൽ സംസ്ഥാനത്തെ കേസിന്റെ വിചാരണ ഈ മാസം 28ലേക്ക് മാറ്റിവച്ചിരുന്നു. കേസ് നടപടികൾക്കായി ജമ്മു കാശ്മീർ സർക്കാർ രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടുണ്ട്.

തങ്ങൾ നിരപരാധികളാണെന്നും നുണ പരിശോധനയ്ക്ക് തങ്ങൾ തയ്യാറാണെന്നും പ്രതികൾ കോടതിയെ അറിയിച്ചു. അതേസമയം കേസിലെ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തന്നെ വിധി പറയും. കേസിലെ ചാർജ്ജ് ഷീറ്റിന്റെ പകർപ്പ് പ്രതികൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook