ശ്രീനഗര്‍: കത്തുവ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്കായി വീണ്ടും തെരുവിലിറങ്ങി മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ലാല്‍ സിങ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടാണ് മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ദോഗ്ര സ്വാഭിമാന്‍ എന്ന പേരില്‍ റാലി നടത്തിയത്.

കത്തുവ പ്രതികള്‍ക്ക് വേണ്ടി റാലി നടത്തിയതിനെ തുടര്‍ന്നായിരുന്നു ലാല്‍ സിങ് മന്ത്രി സ്ഥാനം രാജിവെച്ചത്. എന്നാല്‍ പിന്നീടും പ്രതികള്‍ക്കായി ഇയാള്‍ രംഗത്ത് വരികയായിരുന്നു. മുന്‍പും ലാല്‍ സിങ് റാലി നടത്തിയിട്ടുണ്ട്. അതേസയം, റാലിക്കിടെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ അധിക്ഷേപിച്ച ലാല്‍ സിങിന്റെ സഹോദരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹിരനഗറില്‍ നടന്ന നൂറ് കണക്കിന് പേര്‍ പങ്കെടുത്ത റാലിക്കിടെയായിരുന്നു ലാല്‍ സിങിന്റെ സഹോദരന്‍ രജീന്ദര്‍ സിങ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. മെഹബൂബയെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

26 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ലാല്‍ സിങ് പ്രസംഗിക്കുന്നതിനിടെ വാഹനത്തിന് മുകളില്‍ കയറിയിരുന്നു ദേശീയ പതാക വീശി കാണിക്കുകയും മൈക്കിലൂടെ മെഹബൂബയെ അധിക്ഷേപിക്കുകയും ചെയ്യുന്ന രജീന്ദറിനെ കാണാം. വീഡിയോ വൈറലായതോടെ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ