ശ്രീനഗര്‍: കത്തുവയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി കശ്മീരിലെ മലനിരകളിലേക്ക് യാത്രയായി. ബഖര്‍വാള്‍ സമുദായത്തില്‍ പെട്ട കുടുംബം ഭാണ്ഡക്കെട്ടുകളുമായി തങ്ങളുടെ കുതിരകളേയും കൊണ്ട് രണ്ട് ദിവസം മുമ്പാണ് മലനിരകളിലേക്ക് യാത്രയായതെന്ന് പൊലീസ് പറഞ്ഞു. എല്ലാ വേനല്‍കാലത്തും അവര്‍ ഇത്പോലെ പുതിയ ഇടങ്ങള്‍ തേടി പോവാറുണ്ടെന്നും ഗ്രാമം ഉപേക്ഷിച്ച പോയതല്ലെന്നും പൊലീസ് പറഞ്ഞു.

ഇടം വിട്ടു പോവുകയോ ആരെങ്കിലും നിര്‍ബന്ധിച്ച് പറഞ്ഞയച്ചതോ അല്ലെന്നും പൊലീസ് പറഞ്ഞു. എട്ടു വയസുകാരിയുടെ കുടുംബം ഗ്രാമം ഉപേക്ഷിച്ച് പോയതാണെന്ന റിപ്പോര്‍ട്ടുകളും കത്തുവ എസ്എസ്പി സുലേമാന്‍ ചൗധരി തളളിക്കളഞ്ഞു. ‘കുട്ടിയുടെ മരണത്തില്‍ തകര്‍ന്നു പോയ കുടുംബം ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടം വിട്ടു പോയത്. അന്വേഷണത്തിന് ശേഷം കുട്ടിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ പോയത്’, അടുത്ത ബന്ധു പറഞ്ഞു. കുതിരകളെ പുല്‍തകിടിയില്‍ മേയ്ക്കാന്‍ കൊണ്ടു പോവുന്ന പെണ്‍കുട്ടിക്ക് ഇവയെ വളരെ ഇഷ്ടമായിരുന്നെന്നും ഇവര്‍ പറഞ്ഞു. സ്ഥലത്തെ ചിലര്‍ കുട്ടിയുടെ മൃതദേഹം ഇവിടെ അടക്കം ചെയ്യാന്‍ സമ്മതിച്ചില്ലന്നും ഇവര്‍ ആരോപിച്ചു.

സ്‌കൂളില്‍ പോകാത്ത എട്ടു വയസുകാരിയായിരുന്നു രസനയിലെ ആ വീട്ടിലെ കുതിരകളേയും ആടിനേയും മേക്കാന്‍ കാട്ടില്‍ പോയിരുന്നത്. ആട്ടിടയ വിഭാഗത്തിലെ പെണ്‍കുട്ടിയായിരുന്നു കൊല്ലപ്പെട്ട കുട്ടി.എല്ലാ ദിവസവും കുതിരകളേയും ആടുകളേയും തെളിച്ച് തിരിച്ച് ഫാംഹൗസില്‍ എത്തിക്കുന്നത് പ്രിയ മകളാണെന്ന് പിതാവ് പറഞ്ഞു. കൂട്ടത്തില്‍ ഏതെങ്കിലുമൊന്നിനെ കാണാതായാല്‍ പാറക്കെട്ടുകള്‍ക്കു മുകളിലൂടെ ഓടിച്ചെന്ന് കാട്ടില്‍ നിന്നും അവരെ പിടികൂടുമായിരുന്നു. സ്‌കൂളില്‍ പോവുകയോ എണ്ണല്‍ പഠിക്കുകയോ അവള്‍ ചെയ്തിട്ടില്ലെങ്കിലും ഓരോ വൈകുന്നേരവും ഫാം ഹൗസിലേക്ക് കുതിരയേയും മറ്റും അവള്‍ എണ്ണിയാണ് തിരിച്ചു കയറ്റിയിരുന്നതെന്ന് അയാള്‍ പറയുന്നു.

മകളെ കാണാതായ ജനുവരിമാസത്തില്‍ പത്താം തിയ്യതി വരെ കൂട്ടത്തിലെ ഒരു കുതിരയെ കാണാനില്ലായിരുന്നു. കാണാതായ ആ കുതിര ഒരു ദിവസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പക്ഷേ മകള്‍ മാത്രം തിരിച്ചെത്തിയില്ല. ഒടുവില്‍ കാടിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്തുനിന്ന് മകളുടെ മൃതദേഹമാണ് കണ്ടുകിട്ടിയതെന്ന് ആ പിതാവ് കണ്ണീരോടെ പറഞ്ഞു. പ്രായത്തിലും കൂടുതല്‍ ധൈര്യമുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍. കാടിന്റെ വന്യതയെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് സാംബ ജില്ലയില്‍ താമസമുള്ള മുത്തച്ഛന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കത്വ പെണ്‍കുട്ടിയുടെ കൊലപാതകവുമായുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്. ആട്ടിടയ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയയായിരുന്നു. ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook