scorecardresearch
Latest News

ഭീഷണിക്ക് വഴങ്ങില്ല, എന്‍റെ മകള്‍ക്ക് കൂടി വേണ്ടിയാണ് ഈ പോരാട്ടം: കത്തുവ അഭിഭാഷക

‘ചുവരില്‍ തൂക്കിയ ആ ഫോട്ടോയില്‍ കാണുന്നത് എന്റെ മകളാണ്. പേര് അഷ്ടമി, അവള്‍ക്ക് 5 വയസാണ് പ്രായം’- ദീപിക രജാവത്ത്

ഭീഷണിക്ക് വഴങ്ങില്ല, എന്‍റെ മകള്‍ക്ക് കൂടി വേണ്ടിയാണ് ഈ പോരാട്ടം: കത്തുവ അഭിഭാഷക

ശ്രീനഗര്‍: ഭീഷണികള്‍ ഇനിയും ഉയര്‍ന്നാലും കത്തുവയില്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട എട്ടു വയസുകാരിക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് കുടുംബത്തിന് വേണ്ടി ഹാജരാവുന്ന അഭിഭാഷക. ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തിയതായി അഭിഭാഷകയായ ദീപിക എസ്.രജാവത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

എന്തൊക്കെ ഉണ്ടായാലും താന്‍ പിന്മാറില്ലെന്ന് ഇന്ത്യ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞു. ‘ചുവരില്‍ തൂക്കിയ ആ ഫോട്ടോയില്‍ കാണുന്നത് എന്റെ മകളാണ്. പേര് അഷ്ടമി, അവള്‍ക്ക് 5 വയസാണ് പ്രായം. അവള്‍ക്ക് വേണ്ടിയും കൂടിയാണ് ഞാന്‍ ഈ കേസില്‍ പോരാടുന്നത്’, ദീപിക പറഞ്ഞു.

കശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ്.സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയതായി ദീപിക പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരാകരുതെന്നും സലാത്തിയ പറഞ്ഞതായി അഭിഭാഷക വ്യക്തമാക്കി.

പ്രതികളെ രക്ഷിക്കാന്‍ എന്തിനാണ് അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും ദീപിക ചോദിച്ചു. ‘കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പൊലീസുകാരെ പ്രാദേശിക അഭിഭാഷകര്‍ തടഞ്ഞത് നമ്മള്‍ കണ്ടതാണ്. എന്തിനാണ് ഇവര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?’, ദീപിക പറഞ്ഞു. എന്നാല്‍ ഇത്രയൊക്കെ ഭീഷണി ഉണ്ടായപ്പോള്‍ തന്റെ സുരക്ഷയ്ക്കായി പൊലീസിനെ വിടാമെന്ന് കശ്മീര്‍ ഹൈക്കോടതി നോട്ടീസ് അയച്ച് തന്നെ അറിയിച്ചത് കരുത്തേകിയെന്നും ദീപിക പറഞ്ഞു.

കത്തുവ ജില്ലയില്‍ ക്ഷേത്രത്തിന് അകത്ത് വച്ചാണ് എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടത്. മുഖ്യപ്രതി പ്രാര്‍ത്ഥനകളും പൂജയും നടത്തിയതിന് പിന്നാലെയാണ് കുട്ടിയെ പീഡിപ്പിച്ചത്. എട്ടു പ്രതികളില്‍ ഒരാളെ മീററ്റില്‍ നിന്നും അയാളുടെ കാമാസക്തി തീര്‍ക്കാന്‍ വിളിച്ചു വരുത്തുകയായിരുന്നു. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്ത് ഞെരിച്ചും തലയിൽ കല്ല് കൊണ്ട് ഇടിച്ചുമാണ് എട്ടു വയസുകാരിയെ കൊലപ്പെടുത്തിയത്. എന്നാല്‍ മരിക്കുന്നതിന് തൊട്ടു മുമ്പ് പ്രതിയായ ഒരു പൊലീസുകാരന്‍ മറ്റ് പ്രതികളോട് പറഞ്ഞത് ഇപ്രകാരമാണ്, ‘ഒന്ന് കാത്തിരിക്ക്, അവസാനം ഒരുവട്ടം കൂടി ഞാന്‍ ചെയ്യട്ടെ’. 18 പേജുളള കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് പറയുന്നത്.

ജനുവരി 10ന് കാണാതായ കുട്ടിയുടെ മൃതദേഹം 7 ദിവസത്തിന് ശേഷം സമീപത്തെ വനപ്രദേശത്ത് നിന്നായിരുന്നു കണ്ടെത്തിയത്. ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, പര്‍വേസ് കുമാര്‍ എന്നീ സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും കൊലയ്ക്ക് കൂട്ടു നില്‍ക്കുകയും ചെയ്തെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഹെഡ് കോണ്‍സ്റ്റബിളായ തിലക് രാജ്, എഎസ്ഐ ആനന്ദ് ദുട്ട എന്നിവരും കൂട്ടുനിന്നു.വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലെത്തിച്ച് പീഡിപ്പിച്ച് കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kathua familys lawyer says shes not scared as its a fight for her daughter too