ന്യൂഡല്‍ഹി: കത്തുവയിൽ മുസ്‌ലിം ബാലികയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയുടെ തലയോട്ടി പൊലീസ് അടിച്ചു തകർത്തതായി വിവരം.  സാംബാ പൊലീസ് സ്റ്റേഷനിൽ  കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്ത താലിബ് ഹുസൈൻ എന്നയാളുടെ  തലയോട്ടി പൊലീസിന്റെ അക്രമത്തിൽ തകർന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. എന്നാൽ പൊലീസ് ഇത് നിഷേധിക്കുന്നു.

താലിബ് ഹുസൈനെ തലയോട്ടി തകർന്ന നിലയിൽ സാംബയിലെ ആശുപത്രിയിൽ എത്തിച്ചു.  അഭിഭാഷകയായ ഇന്ദിരാ ജെയ്സിങ്ങാണ് ട്വിറ്ററിലൂടെ ഈ വിഷയം ​ലോകത്തെ അറിയിച്ചത്.

പൊലീസിന്റെ ക്രൂരമായ മൂന്നാം മുറയെ തുടർന്നാണ് ലോകത്തെ പിടിച്ചു കുലുക്കിയ ബലാൽസംഗ കേസിലെ പ്രധാന സാക്ഷിയ്ക്ക് അതീവ ഗുരുതരമായി പരുക്കേറ്റത്. പൊലീസിന്റെ ഇത്തരം നടപടികൾ ജനാധിപത്യത്തിൽ അനുവദിക്കാനോ അംഗീകരിക്കാനോ പാടുളളതല്ലെന്ന് അഭിഭാഷ ഇന്ദിരാ ജെയ്സിങ് ട്വീറ്റ് ചെയ്തു.

താലിബിനെ മർദ്ദിച്ച അതേ പൊലീസ് സ്റ്റേഷനിലേയ്ക്ക് തന്നെ മടക്കി അയച്ചു എന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ബന്ധുക്കളെ പോലും കാണാൻ അനുവദിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ബാൻഡേജിട്ട തലയിൽ നിന്നും ചോരയൊലിക്കുന്നതായും ഇന്ദിരാ ജെയ്സിങ് ട്വിറ്ററിൽ കുറിക്കുന്നു.

ഇതേസമയം, താലിബ് ഹുസൈൻ സ്വയം തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചതാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ശേഷ് പോൾ വൈദിനെ ഉദ്ധരിച്ച് സ്ക്രോൾ ഡോട് ഇൻ റിപ്പോർട്ട് ചെയ്യുന്നു. സഹതടവുകാർ ഇതിന് സാക്ഷിയാണെന്നും ദൃശ്യങ്ങൾ തെളിവായി ഉണ്ടെന്നും പൊലീസ് പറയുന്നു.

എട്ട് വയസ്സുമാത്രം പ്രായമുളള മുസ്‌ലിം ബാലികയെ കൂട്ടബലാൽസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്തതും പ്രതികളുടെ സംഘപരിവാർ ബന്ധവും ഇവരെ പിന്തുണച്ച് ജമ്മു കശ്മീരിലെ മന്ത്രിമാരുൾപ്പടെയുളള ബിജെപി നേതാക്കൾ രംഗത്തു വന്നതും പ്രകടനം നടത്തിയതും വിവാദമായിരുന്നു. ഇതിന് പിന്നാലെ ജമ്മു കശ്മീർ സർക്കാരിനുളള പിന്തുണ ബിജെപി പിൻവലിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ