ശ്രീനഗര്‍: ബോട്ട് മറിഞ്ഞ് അപകടത്തില്‍ വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച ടൂറിസ്റ്റ് ഗൈഡ് ഒഴുക്കില്‍ പെട്ട് മരിച്ചു. വെളളിയാഴ്ച്ചയാണ് സംഭവം നടന്നത്. വെളളത്തില്‍ മുങ്ങിയ ഏഴ് വിനോദസഞ്ചാരികളെ രക്ഷിച്ച ശേഷമാണ് അദ്ദേഹം മുങ്ങിമരിച്ചത്. ഏഴ് സഞ്ചാരികളും റൗഫ് അഹമ്ദ് എന്ന ഗൈഡും ആയിരുന്നു ബോട്ടില് ഉണ്ടായിരുന്നത്. സഞ്ചാരികളില്‍ രണ്ട് പേര്‍ വിദേശിയരാണ്. കശ്മീരിലെ അനന്ത്നാഗിലെ ലിഡ്ഡര്‍ നദിയിലാണ് ബോട്ട് മുങ്ങിയത്.

ശക്തമായ കാറ്റിനെ തുടര്‍ന്ന് ബോട്ട് ആടിയുലഞ്ഞ് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബോട്ട് മുങ്ങിയ ഉടനെ റൗഫ് ഏഴ് സഞ്ചാരികളേയും സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു. എന്നാല്‍ അവസാനനിമിഷം അദ്ദേഹം ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. സംസ്ഥാന ദുരന്തനിവാരണ സേന അദ്ദേഹത്തിനായി അപ്പോള്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളളിയാഴ്ച്ച അര്‍ദ്ധരാത്രി വരെ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Read More: അച്ഛന്‍ അമ്മയെ തല്ലുന്നുവെന്ന് പൊലീസിലറിയിക്കാന്‍ എട്ട് വയസ്സുകാരന്‍ ഓടിയത് ഒന്നര കിലോമീറ്റര്‍

തുടര്‍ന്ന് ശനിയാഴ്ച്ചയാണ് റൗഫിന്റെ മൃതദേഹം കണ്ടെത്തിയത്. ഭവാനി പാലത്തിന് അടുത്താണ് മൃതദേഹം കണ്ടെത്തിയത്. റൗഫിന്റെ ദീരതയെ പുകഴ്ത്തിയും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചും മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീര്‍ ഗവര്‍ണറും അദ്ദേഹത്തിന്റെ ധീരതയെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. റൗഫിന് ധീരതയ്ക്കുളള പുരസ്കാരം നല്‍കാന്‍ അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ ശുപാര്‍ശ ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook