ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരികള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിന്റെ ഏറ്റവും പുതിയ സംഭവമാണ് ലക്നൗവില്‍ ഇന്നലെ വൈകുന്നേരം നടന്നത്. അക്രമത്തിന്റെ വീഡിയോ വൈറലായി മാറിയതോടെ തീവ്ര ഹിന്ദുത്വ സംഘടനയിലെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി ഇവിടെ വഴിയോരക്കച്ചവടം നടത്തുന്നവരാണ് ആക്രമണത്തിന് ഇരയായ കശ്മീര്‍ സ്വദേശികള്‍. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ദലിഗഞ്ചിലാണ് സംഭവം നടന്നത്. കശ്മീരികളായതുകൊണ്ടാണ് ഉപദ്രവിക്കുന്നതെന്ന് അക്രമികളില്‍ ഒരാള്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാം.

പിന്നീട് ചില പ്രദേശവാസികളാണ് അക്രമികളുടെ കൈയില്‍ നിന്നും കശ്മീരികളെ രക്ഷിച്ചത്. വിശ്വഹിന്ദു ദള്‍ പ്രസിഡന്റ് അടക്കമുളളവരാണ് അറസ്റ്റിലായത്. അതേസമയം യാതൊരു പ്രകോപനവും കൂടാതെയാണ് തങ്ങള്‍ക്ക് നേരെ അക്രമം നടത്തിയതെന്ന് കശ്മീര്‍ സ്വദേശികള്‍ പറഞ്ഞു. ‘അവര്‍ ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ച് അടിക്കുകയായിരുന്നു. ആധാര്‍ കാര്‍ഡ് കാണിക്കാനും മർദനത്തിനിടയില്‍ അവര്‍ ആവശ്യപ്പെട്ടു. 20 വര്‍ഷമായി ഞങ്ങള്‍ ഇവിടെ വില്‍പ്പനയ്ക്ക് വരാറുണ്ട്. ഇതിന് മുമ്പ് ഒരിക്കലും ഇതുപോലൊരു സംഭവം നടന്നിട്ടില്ല,’ മർദനമേറ്റവരില്‍ ഒരു കച്ചവടക്കാരൻ പറഞ്ഞു.

സംഭവത്തിൽ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നതിന് പിന്നാലെ രാജ്യത്ത് കശ്മീരികള്‍ക്കെതിരെ അക്രമം വ്യാപകമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook