പുനെ: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് കശ്‌മീരി സ്വദേശികൾക്കുനേരെയുളള ആക്രമണം തുടരുന്നു. പുനെയിൽ കശ്മീരി സ്വദേശിയായ മാധ്യമപ്രവർത്തകനെ രണ്ടുപേർ ചേർന്ന് മർദിച്ചു. 24 കാരനായ ജിബ്രാൻ നാസിർ ആണ് പുനെയിൽ മർദനത്തിന് ഇരയായത്.

ട്രാഫിക് സിഗ്നലിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് ലോക്കൽ പൊലീസിന്റെ വിശദീകരണം. എന്നാൽ തന്നെ കശ്മീരിലേക്ക് മടക്കി അയയ്ക്കണം എന്നു പറഞ്ഞാണ് മർദിച്ചതെന്ന് മാധ്യമപ്രവർത്തകനായ നാസിർ പറഞ്ഞു. കരുതിക്കൂട്ടിയുളള ആക്രമണമായിരുന്നില്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

”രാത്രി 10.45 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ ബൈക്കിൽ പിന്നാലെ എത്തിയ രണ്ടുപേർ ഹോണടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. എന്നോട് ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടു. എന്റെ ബൈക്ക് ഹിമാചൽ പ്രദേശ് റജിസ്ട്രേഷനാണെന്ന് മനസിലായപ്പോൾ, ഹിമാചൽ പ്രദേശിലേക്ക് എന്നെ അയയ്ക്കുമെന്ന് പറഞ്ഞു. ഹിമാചൽ അല്ല ജമ്മു കശ്മീർ ആണ് എന്റെ നാടെന്നും മാധ്യമപ്രവർത്തകനാണെന്നും ഞാൻ അവരോട് പറഞ്ഞു. അപ്പോഴേക്കും രണ്ടുപേരും ചേർന്ന് മർദിക്കാൻ തുടങ്ങി. ‘നിന്നെ കശ്മീരിലേക്ക് മടക്കി അയയ്ക്കും, മാധ്യമപ്രവർത്തനം അവിടെ മതി’ എന്നു പറഞ്ഞായിരുന്നു മർദനം,” നാസിർ പറഞ്ഞു

നാസിറിന്റെ മൊബൈൽ ഫോണും ബൈക്കും തകർത്തശേഷം ഇരുവരും അവിടെനിന്നും കടന്നു കളഞ്ഞു. അവരുടെ ബൈക്ക് നമ്പർ മനസിലാക്കിയ നാസിർ സ്വർഗഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 20 നോട് അടുത്ത് പ്രായമുളളവരാണ് നാസിറിനെ മർദിച്ചത്. ഇരുവരും മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തി നാസിറിനോട് ക്ഷമ ചോദിച്ചു. തുടർന്ന് അദ്ദേഹം പരാതി പിൻവലിച്ചു.

ഈ സംഭവത്തിന് പുൽവാമ ആക്രമണവുമായി ബന്ധമില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. മുംബൈയിലെ യവാത്‌മലിലെ കോളേജിൽ കശ്മീരി വിദ്യാർത്ഥികളെ ശിവസേനയുടെ യുവജന സംഘടനയായ യുവ സേന ആക്രമിച്ചതിന്റെ പിന്നാലെയാണ് പുതിയ സംഭവം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ