ശ്രീനഗര്‍: കശ്മീരില്‍ നിന്നും ഭീകരവാദ ഗ്രൂപ്പായ ലഷ്കര്‍ ഇ തയിബയില്‍ ചേര്‍ന്ന പ്രാദേശിക ഫുട്ബോള്‍ താരം സുരക്ഷാ സേനയ്ക്ക് മുമ്പാകെ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെയോടെയാണ് കീഴടങ്ങൽ. 20കാരന്‍ തന്റെ കുടുംബത്തെ വിളിച്ചാണ് കഴിഞ്ഞ ദിവസം കീഴടങ്ങാനുളള സന്നദ്ധത അറിയിച്ചത്. ഉത്തര കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ മാജിദ് ഖാന്‍ ഭീകരവാദ സംഘടനയില്‍ ചേര്‍ന്നത് താഴ്‍വരയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

കശ്മീരിലെ പേരുകേട്ട ഫുട്ബോള്‍ താരവും മികച്ച വിദ്യാർഥിയും ആയിരുന്നു മാജിദ്. ഇന്നലെ രാവിലെയോടെയാണ് അദ്ദേഹം കുടുംബത്തെ ഫോണ്‍ ചെയ്തത്. ഇതൊരു നല്ല സൂചനയാണെന്നും കീഴടങ്ങിയ മാജിദിന് സാധാരണ ജീവിതത്തിലേക്ക് വരാന്‍ സഹായിക്കുമെന്നും മേജര്‍ ജനറല്‍ ബി.എസ്.രാജു പറഞ്ഞു.

ഉത്തര കശ്മീരിലെ സുരക്ഷാ സൈനിക ക്യാംപിലെത്തിയാണ് മാജിദ് ഖാന്‍ കീഴടങ്ങിയതെന്നാണ് സൈനികവക്താക്കളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്ന മാജിദ് കഴിഞ്ഞ മാസമാണ് ലഷ്കറില്‍ ചേര്‍ന്നതായുളള വിവരങ്ങള്‍ പുറത്തുവന്നത്. നേരത്തേ മകനോട് തിരിച്ചു വരാന്‍ മാതാവായ ആയിഷ ആവശ്യപ്പെട്ടിരുന്നത് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘തിരിച്ചു വന്ന് എന്നേയും നിന്റെ പിതാവിനേയും കൊന്നു കളഞ്ഞിട്ട് തിരിച്ച് പൊയ്ക്കോളൂ’ എന്നായിരുന്നു ആയിഷ അന്ന് പറഞ്ഞത്. ഖാന്റേയും ആയിഷയുടേയും ഏക മകനാണ് മാജിദ്. അനന്ത്നാഗ് കേന്ദ്രമായുളള ഫുട്ബോള്‍ ക്ലബ്ബിലെ മികച്ച ഗോൾ കീപ്പറായിരുന്നു മാജിദ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook