ശ്രീനഗര്‍: കനത്ത മഞ്ഞു വീഴ്ച്ചയിൽ ജന ജീവിതം താളം തെറ്റിയ കശ്മീരില്‍ യുവതി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. സൈന്യത്തിന്റെ നിര്‍ണായകമായ ഇടപെടലാണ് യുവതിക്ക് സഹായകമായത്. മഞ്ഞുവീഴ്ച്ചയില്‍ വീട്ടില്‍ കുടുങ്ങിപ്പോയ യുവതിയെ സൈന്യം ബന്ദിപ്പോരയിലെ ആശുപത്രിയിലേക്ക് കൃത്യ സമയത്ത് മാറ്റി.
തന്റെ ഭാര്യ ഗുല്‍ഷാന ബീഗത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവാണ് പനാര്‍ ആര്‍മി ക്യാംപിലേക്ക് ഫോണ്‍ ചെയ്തത്. ഭാര്യയ്ക്ക് പ്രസവവേദന ആരംഭിച്ചെന്നും കനത്ത മഞ്ഞുവീഴ്ച്ച കാരണം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നുമാണ് ഇദ്ദേഹം സൈന്യത്തെ അറിയിച്ചത്. ശനിയാഴ്ച്ച മൈനസ് 7 ഡിഗ്രിയായിരുന്നു താപനില ഉണ്ടായിരുന്നത്.

റോഡുകള്‍ മഞ്ഞുവീണ് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. എങ്കിലും യുവതിയെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് തങ്ങളുടെ മുന്നിലുണ്ടായിരുന്ന ലക്ഷ്യമെന്ന് സൈന്യം വ്യക്തമാക്കി. ബന്ദിപോര രാഷ്ട്രീയ റൈഫിള്‍സിലെ സൈനികര്‍ ഉടന്‍ തന്നെ ബീഗത്തിന്റെ വീട്ടിലെത്തി. ഗുല്‍ഷാന ബീഗത്തെ സ്ട്രെച്ചറില്‍ കിടത്തി അരയോളം പൊക്കത്തിലുളള മഞ്ഞിലൂടെ രണ്ട് കി.മീറ്ററോളം നടന്നു. പിന്നീട് സൈനിക ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

പരിശോധനയ്ക്ക് ശേഷം യുവതിക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ശ്രീനഗര്‍ ആശുപത്രിയില്‍ വെച്ചാണ് യുവതി രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി സൈന്യം അറിയിച്ചു.

കശ്മീർ താഴ്‍വര. മഞ്ഞു വീഴ്ച്ചയുടെ ഫലമായി തന്ത്രപ്രധാന പാതയായ ജമ്മു-ശ്രീനഗർ ഹെെവേ ഉൾപ്പടെ പല പാതകളും തുടർച്ചയായ അഞ്ചാം ദിവസവും അടച്ചിട്ടുണ്ട്. ഗതാഗത സ്തംഭനമുണ്ടായതിനെ തുടർന്ന് വൈകിയും റോഡുകൾ‍ സഞ്ചാര യോഗ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മഞ്ഞു മൂടിക്കിടന്ന ബന്നഹിൽ മുതൽ ഖാസിഗുണ്ഡ് വരെയുള്ള പാത സഞ്ചാര യോഗ്യമാക്കിയതായി ട്രാഫിക് വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, ഹെെവേയിലെ 300 കി.മീ ദൂരം തുറക്കാനാവാത്ത വിധം സങ്കീർണ്ണമായ അവസ്ഥയിലാണ്.

മഞ്ഞു വീഴ്ച്ചയിൽ പ്രദേശത്ത് ഇതു വരെയായി പത്തോളം പേർ മരണപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, പ്രധാന പാതകൾ അടച്ചതോടെ മേഖലയിലെ വിഭവ വിതരണവും താറുമാറായി കിടക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook