ന്യൂഡൽഹി: കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമായിരുന്നില്ലെന്നും പിന്നെ എന്തിനാണ് പാക്കിസ്ഥാൻ കശ്മീരിന്റെ പേരിൽ കരയുന്നതെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഡാക്കിൽ 26-ാമത് കിസാൻ-ജവാൻ വിജയൻ മേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

“കശ്മീർ നിങ്ങളുടെ ഭാഗമല്ലാതിരുന്നിട്ടും എന്തിനാണ് നിങ്ങൾ ആ പേരും പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് പാക്കിസ്ഥാനോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്,” രാജ്നാഥ് സിങ് പഞ്ഞു.

പാകിസ്ഥാന്റെ നിലനിൽപ്പിനെ താൻ ബഹുമാനിക്കുന്നുണ്ടെങ്കിലും കശ്മീരിൽ അതിന് സ്ഥാനമില്ല. “പാക്കിസ്ഥാൻ ഒരിക്കൽ രൂപപ്പെട്ട കഴിഞ്ഞതിനാൽ ഞങ്ങൾ അതിന്റെ നിലനിൽപ്പിനെ മാനിക്കുന്നു. പക്ഷേ, ഈ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ല,” രാജ്നാഥ് സിങ് പറഞ്ഞു.

കൂടാതെ, ഭീകരത ഉപയോഗിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇന്ത്യക്ക് എങ്ങനെ പാക്കിസ്ഥാനുമായി ചർച്ചയിൽ ഏർപ്പെടാൻ കഴിയുമെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു. പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും ആദ്യം ഇന്ത്യയിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

Read More: പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തി

പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും അതിക്രമങ്ങളും പരിഹരിക്കുന്നതിൽ പാക്കിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിലവിലെ പ്രശ്നത്തിൽ ഒരു രാജ്യവും പാക്കിസ്ഥാനോടൊപ്പം നിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ കശ്മീർ വിഷയത്തിൽ സംസാരിക്കവെ രാജ്നാഥ് സിങ് പറഞ്ഞത്, പാക് അധിനിവേശ കശ്മീർ തിരിച്ചു പിടിക്കുക എന്ന വിയം മാത്രമാണ് പാക്കിസ്ഥാനുമായി സംസാരിക്കാനുള്ളത് എന്നായിരുന്നു. ബിജെപിയിലെ പല നേതാക്കളും ഇതേ വിഷയം ഉന്നയിച്ചിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ഈ വിഷയത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook