ശ്രീനഗര്‍ : ഈദ് നാളിലും കശ്മീര്‍ താഴ്‌വാരം അശാന്തമെന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞത് മൂന്ന് സ്ഥലത്തുനിന്നെങ്കിലും നാട്ടുകാരും സുരക്ഷാഭടന്മാരും തമ്മില്‍ ഏറ്റുമുട്ടിയതായ വാര്‍തത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ആനന്ത്നാഗില്‍ പൊലീസിനു നേരെ കല്ലെറിഞ്ഞ ജനകൂട്ടത്തിനുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സാപോര്‍, ശ്രീനഗര്‍ മേഖലയില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്.

അതേസമയം, ഈദ് നമസ്കാരത്തിനു നല്ല ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹസ്രത്തുല്‍ ശരീഫ് ദര്‍ഗയില്‍ അമ്പതിനായിരത്തോളം പേരാണ് പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നത്. പഴയപട്ടണത്തില്‍ നടന്ന പ്രാര്‍ഥനയില്‍ നാല്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തു. താഴ്‌വാരത്തിലെ പല പളളികളിലും നമസ്കാരത്തിനായി എത്തിച്ചേര്‍ന്നത് ആയിരങ്ങളാണ്.

ഈദ് നാളില്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കാനെന്ന ഉദ്ദേശത്തോടെ സയിദ് അലി ഗീലാനി, മിര്‍വൈസ് ഉമര്‍ ഫാറൂഖ് എന്നിവരടക്കം മിക്ക വിഘടനവാദ നേതാക്കളും വീട്ടുതടങ്കലില്‍ ആയിരുന്നു എന്നാണ് സുരക്ഷാവൃത്തങ്ങള്‍ അറിയിക്കുന്നത്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ മുഹമ്മദ്‌ യാസിന്‍ മാലിഖിനെ കരുതല്‍തടങ്കായി ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച് ശ്രീനഗലെ ജാമിയ മസ്ജിദിനു മുന്നില്‍ വച്ച് പോലീസ്‌ ഉദ്യോഗസ്ഥനായ മുഹമ്മദ്‌ അയൂബ് പണ്ഡിത് വധിക്കപ്പെട്ടതിനെ തുടര്‍ന്നും താഴ്‌വാരത്തില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പളളി സന്ദര്‍ശിക്കുന്നവരുടെ ഫൊട്ടോയെടുത്തു എന്ന ആരോപണത്തിലാണ് പൊലീസുകാരനെ ജനക്കൂട്ടം ആക്രമിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ