എനിക്കും എന്റെ കുടുംബത്തിനും ഭയാനകമായ ദിവസമായിരുന്നു ജൂൺ 14. ആ ദിവസമാണ് എന്റെ പപ്പയുടെ അകാലത്തിലുളള മരണവാർത്ത ഞങ്ങളെ തേടിയെത്തിയത്.

ആശുപത്രിയിലെത്തുമ്പോൾ ശ്രീനഗർ പൊലീസ് കൺട്രോൾ റൂമിൽ നിന്നും ആരോ പറയുന്ന ആ സന്ദേശമാണ് എന്റെ കാതുകളിലെത്തിയത് ” അദ്ദേഹം ഇനിയില്ല.”

ആ വാക്കുകൾ കേട്ട നിമിഷം എന്റെ കാലുകൾ വിറച്ചു, പക്ഷേ, അപ്പോഴും പ്രതീക്ഷയുടെ കണികയ്‌ക്കുപോലും സാധ്യതയില്ലായിരുന്നുവെങ്കിലും ഞാൻ പ്രതീക്ഷ കൈവിടാതിരുന്നു.

ഒരായിരം ചിന്തകളാണ് അന്നേരം എന്റെ മനസ്സിലൂടെ ഒഴുകിയത്. പപ്പ ഓപ്പറേഷൻ തിയേറ്ററിലായിരിക്കുമോ? ഒരുപക്ഷേ, എന്റെടുത്തേയ്‌ക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കുമോ? എന്തൊക്കെയായലും അദ്ദേഹത്തിന്റെ കാര്യത്തിൽ ദുഃഖകരമായ ആ വിധി എഴുതപ്പെട്ടിരുന്നു. പപ്പയുടെ ആത്മാവ് പറയുന്നർന്നിരുന്നു.

എന്റെ പിതാവ്, ഷുജാഅത്ത് ബുഖാരിയെ പോലെ നീതിമാനായ ഒരാളോട് എന്തിനാണ് ഇത് ചെയ്‌തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.

പൊലീസ് കൺട്രോൾ റൂമിൽ നിൽക്കുന്ന സമയത്ത് തന്നെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായ ആയിരക്കണക്കിന് ആളുകൾ അവിടേയ്‌ക്ക് എത്തിയിട്ടുണ്ടായിരുന്നു. ദുഃഖഭരിതമായ അവരുടെ മുഖങ്ങൾ കണ്ണീരിനാൽ മൂടപ്പെട്ടിരുന്നു. ഞങ്ങളുടെ തറവാട്ടിലേയ്‌ക്ക് പപ്പയുടെ നിശ്ചലമായ ശരീരവുമായി യാത്ര തിരിക്കുമ്പോൾ ദുഃഖത്താലും വിഷാദത്താലും മുടപ്പെട്ടിരുന്നുവെങ്കിലും ആ വേദനയെ മറികടന്ന് പിടിച്ചുനിൽക്കാനുളള ശ്രമമായിരുന്നു എന്റേത്.

ആംബുലൻസിന്റെ ഉളളിലിരുന്ന് ഞാൻ പൊട്ടിക്കരയുകയും ഏങ്ങലടിക്കുകയും ചെയ്‌തു. അപ്പോഴും, മരണത്തിന്റെ മടിയിൽ നിന്നും എന്റെ പപ്പ എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിക്കുമെന്ന പ്രതീക്ഷയോടെ ഞാനിരുന്നു.

വിശ്വാസത്തിന്റെ അടയാളവും ആദർശത്തിന്റെ ആൾരൂപവും

ആദർശത്തിന്റെ ആൾ​രൂപമായിരുന്നു എന്റെ പപ്പ. അദ്ദേഹത്തിനോട് വിരോധമുളള ആയിരക്കണക്കിനാളുകൾ ചുറ്റുമുണ്ടായിരുന്നു. പക്ഷേ,​ ഒരിക്കൽ പോലും ഒരാൾക്കെതിരെ പോലും വിദ്വേഷം നിറഞ്ഞ ഒരു വാക്ക്പോലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉയർന്നിരിന്നില്ല എന്നത് എനിക്ക് ഉറപ്പാണ്.

ഷുജാ​ത് ബുഖാരി

അദ്ദേഹം ഒരു ചിന്തകനായിരുന്നു. എന്നാൽ ഗർവ്വിന്റെ ഒരു കണികപോലും അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹം ജ്ഞാനത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ദയാവായ്‌പിന്റെയും ഉൾപ്പടെ മഹത്തായ ആയിരക്കണക്കിന് ഗുണങ്ങളുടെ ആകെത്തുകയായിരുന്നു.

തന്റെ സഹപ്രവർത്തകരെ ജീവനക്കാരായല്ല, കുടുംബാംഗങ്ങളെ പോലയാണ് പപ്പ കണ്ടിരുന്നത്. അവരുടെ ഏറ്റവും മികവുറ്റതിനായി മാർഗദർശകനായി അദ്ദേഹം നിലകൊണ്ടു. കശ്‌മീരിനെ തകർത്ത 2014ലെ വെളളപ്പൊക്കകാലത്ത്, മനുഷ്യസ്‌നേഹിയായ അദ്ദേഹം വീട്ടിലിരിക്കാതെ പൂർണസമയവും വെളളപ്പൊക്കത്തിൽ​ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനായി കർമ്മനിരതനായിരുന്നു. ആയിരക്കണികനാളുകളെയാണ് അന്നദ്ദേഹം സഹായിച്ചത്.

താൻ സഹായിച്ച കുടംബങ്ങളെകുറിച്ച് ഒരിക്കൽ​പോലും ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. ധാർമ്മിക മൂല്യങ്ങളിൽ അടിയുറച്ച് നിന്ന് സത്യത്തിന്റെ വഴിയിൽ സഞ്ചരിക്കാനാണ് അദ്ദേഹത്തിന്റെ രക്ഷിതാക്കൾ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്.

പപ്പ സമാധാനത്തിന് വേണ്ടിയായിരുന്നു ജീവിതകാലം മുഴുവൻ യത്നിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവും സമാധാനത്തിന് വേണ്ടിയാണ്. നിരപരാധികളെ കൊന്നൊടുക്കുന്നതിൽ നിന്നും എന്നെങ്കിലും ഒരു ദിവസം കശ്‌മീർ മോചനം നേടുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഭാഷാ പണ്ഡിതനായ പപ്പയ്‌ക്ക് കശ്‌മീരി ഭാഷയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. തന്റെ മാതൃഭാഷയോട് അഗാധപ്രണയമായിരുന്നു പപ്പയ്‌ക്ക്. പത്താംക്ലാസ് വരെ കശ്‌മീരി ഭാഷ പഠിപ്പിക്കുകയെന്ന ഏറെക്കാലത്തെ സ്വപ്‌നം യാഥാർത്ഥ്യമായത് 2017 ജൂണിലായിരുന്നു.

നിസ്വാർത്ഥനായ പപ്പ, ഈ​ ലോകത്തെ നശ്വരമായ ഭൗതികതാൽപര്യങ്ങളുടെ പിന്നാലെ പാഞ്ഞിരുന്നില്ല. കശ്‌മീരിൽ സമാധാനം കൊണ്ടുവരുന്നതിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നടന്ന നിരവധി സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുത്തു. സമാധാനത്തിനായി പരിശ്രമിച്ചു.

കശ്‌മീരിലെ സംഭവവികാസങ്ങളുടെ പേരിൽ കുടുംബത്തിൽ ​കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പപ്പ. 1990 ൽ തീവ്രവാദികളും സൈന്യവും തമ്മിലുളള ഏറ്റുമുട്ടൽ കാലത്ത് രണ്ട് ബന്ധുക്കൾ (കസിൻസ്) കൊല്ലപ്പെട്ടിരുന്നു.

പപ്പയുടെ ലെഗസി വിശാലമാണ്. ആ മഹാത്മ്യത്തോടെ അദ്ദേഹത്തിന്റെ പ്രതീക്ഷളോട് എത്രത്തോളം നീതി പുലർത്താൻ എനിക്കാവുമെന്ന് എനിക്കറിയില്ല. ധർമ്മശീലനും മഹാമനസ്കനുമായ അദ്ദേഹത്തിന്റെ പിതാവ് സയിദ് റാഫിയുദ്ദീൻ ബുഖാരിയെ പോലെയാകണം ഞാനെന്നായിരുന്നു എന്റെ പപ്പയുടെ ആഗ്രഹം.

കശ്‌മീരിലെ ഇംഗ്ലീഷ് ജേർണലിസം നിരവധി മഹത്തുക്കളായ റിപ്പോർട്ടർമാരെയും എഡിറ്റർമാരെയും സൃഷ്‌ടിച്ചു. കുറച്ച് ഹീറോകൾ സൃഷ്‌ടിക്കപ്പെട്ടു, പക്ഷേ, രക്തസാക്ഷികളുണ്ടായിരുന്നില്ല. ഇപ്പോൾ അത് രണ്ടും സംഭവിച്ചിരിക്കുന്നു. എന്റെ പപ്പ നിലകൊണ്ടത് നിഷ്‌പക്ഷ മാധ്യമപ്രവർത്തനത്തിന്റെ തൂലികയായിട്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ രാഷ്ട്രീയത്തിലുണ്ടായിട്ടുപോലും അദ്ദേഹം പക്ഷംപിടിച്ചില്ല.

വിശ്വാസ്യതയുടെ അടയാളമായിരുന്നു എന്റെ പപ്പ. അദ്ദേഹത്തിന് വൈകാരികമായ ബന്ധമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഇടപെടലിനോടും. അതുകൊണ്ടായിരിക്കും അദ്ദേഹത്തെ ഏവരും സ്‌നേഹിച്ചത്. അതുകൊണ്ടാകാം പത്തുവർഷം പോലുമെടുക്കാതെ ‘റൈസിങ് കശ്‌മീർ’ ജമ്മുകശ്‌മീരിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ദിനപത്രമായി മാറിയത്.

രണ്ട് വർഷം മുമ്പ് പക്ഷാഘാതം നേരിട്ട് അദ്ദേഹം ഒട്ടേറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്നു.എന്നാൽ റമദാനിലെ ഏറ്റവും വലിയ പുണ്യദിനമായ ജംഅത്തുൽ വിദയിലാണ് സർവ്വശക്തൻ അദ്ദേഹത്തിന്റെ ആത്മാവിനെ മോചിപ്പിച്ചത്.

ഈ​ ക്രൂരമായ ലോകത്തിന് ഇണങ്ങുന്നതായിരുന്നില്ല എന്റെ പപ്പ. ദൈവത്തിന് എന്റെ പപ്പയെ പോലെ ധർമ്മിഷ്‌ഠരായ മനുഷ്യരെ അവിടെയാണ് ആവശ്യം. അല്ലാഹു അദ്ദേഹത്തിന് സ്വർഗത്തിൽ ഉന്നതമായ ഒരിടം നൽകുമായിരിക്കും. സ്വർഗത്തിലദ്ദേഹത്തിനെ അനുഗ്രഹിച്ചരുളുമായിരിക്കും.

(തംഹീദ് ഷുജാഅത്ത് ബുഖാരി ഹുംഹാമായിലെ കശ്‌മീർവാലി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്. റൈസിങ് കശ്‌മീരിൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ