ദക്ഷിണ കാശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ പത്തോളം ആളുകൾക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആനന്ദ്നഗ് ജില്ലയിലുണ്ടായ വെടിവപ്പിൽ ആർമി മേജർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ജമ്മു കാശ്മീരിൽ അരങ്ങേറുന്നത്.

പുൽവാമ ജില്ലയിൽ തന്നെ കഴിഞ്ഞ ദിവസമുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറ് സൈനികർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു. ഇന്ന് പുൽവാമ പൊലീസ്​ സ്​റ്റേഷന്​ നേരെ തീവ്രവാദികൾ വലിച്ചെറിഞ്ഞ​ ഗ്രനേഡ്​ സ്​റ്റേഷന്​ പുറത്ത് ചുറ്റുമതിലിനടുത്ത്​​ വെച്ച്​ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം നടത്തിയവരെ കണ്ടെത്താൻ മേഖലയിൽ തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 16ന് പുൽവാമയിൽ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പാക്കിസ്ഥാൻ ഇന്ത്യക്കും അമേരിക്കക്കും കൈമാറിയിരുന്നു. വാഹനത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ചുകൊണ്ടുള്ള അക്രമണമായിരിക്കുമെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook