ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ അതിർത്തിയിൽ പാക് വെടിവയ്പ് രൂക്ഷം. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി. അതിനിടെ പാക് സൈന്യത്തിന്റെ വെടിയേറ്റ് പത്ത് വയസ്സുകാരൻ മരിച്ചു. ഒരു സ്ത്രീക്കും മകനും പരുക്കേറ്റിട്ടുണ്ട്. കെർനി സ്വദേശിയായ ഇസ്രാർ അഹമ്മദ് എന്ന പത്തുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. രേഷ്മ (55), മകൻ മുഹമ്മദ് റഫീഖ് (33) എന്നിവർക്കാണ് പരുക്കേറ്റത്.
യാന്ത്രികമായി പ്രവർത്തിക്കുന്ന ആയുധങ്ങൾക്ക് പുറമേ പാക്കിസ്ഥാനിൽ നിന്ന് രൂക്ഷമായ ഷെല്ലാക്രമണവും നടക്കുന്നുണ്ട്. ദേഗ്വാർ, ഷാഹ്പൂർ, കെർനി, ഖസബ എന്നിവിടങ്ങളിൽ തദ്ദേശീയരായവർക്ക് നേരെയും പാക് സൈന്യം വെടിയുതിർക്കുന്നുണ്ട്.
ശൈത്യകാലം തുടങ്ങും മുൻപ് തീവ്രവാദികളെ കശ്മീരിലേക്ക് എത്തിക്കുന്നതിനാണ് രൂക്ഷമായ ആക്രമണം പാക് സൈന്യം നടത്തുന്നതെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.