ശ്രീനഗര്‍: കശ്മീരില്‍ പ്രചാരത്തിലുളള എല്ലാ പ്രധാനപ്പെട്ട പത്രങ്ങളും ആദ്യ പേജില്‍ ഒന്നും അച്ചടിക്കാതെ പുറത്തിറക്കി. രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പത്രങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിച്ചത്. ‘ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് വിശദീകരണം ഇല്ലാതെ പരസ്യങ്ങള്‍ വിലക്കിയതിനെതിരെ പ്രതിഷേധം’ എന്ന വാചകം മാത്രമാണ് ഞായറാഴ്ച ആദ്യ പേജില്‍ എല്ലാ പത്രങ്ങളും ഉള്‍ക്കൊളളിച്ചത്.
കശ്മീര്‍ എഡിറ്റേഴ്സ് ഗില്‍ഡ് (കെഇജി) ആണ് സംയുക്തമായി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചു. കശ്മീരില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുളള രണ്ട് പത്രങ്ങള്‍ക്ക് കശ്മീര്‍ സര്‍ക്കാര്‍ ഗവണ്‍മെന്റ് പരസ്യങ്ങള്‍ നല്‍കില്ലെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ഉത്തരവായി പുറത്തിറക്കിയില്ലെങ്കിലും തങ്ങളെ വിളിച്ച് അറിയിച്ചതാണ് ഇക്കാര്യമെന്ന് പത്രസ്ഥാപനങ്ങള്‍ വ്യക്തമാക്കി. രണ്ട് പത്രങ്ങള്‍ക്കും പരസ്യം നല്‍കില്ലെന്ന പ്രഖ്യാപനത്തിന്റെ കാരണം വ്യക്തമാക്കണമെന്ന് കശ്മീര്‍ എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ പ്രതികരണം നടത്തിയിട്ടില്ല.