ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനങ്ങളിൽ മൂന്ന് സുരക്ഷാ സേനാംഗങ്ങളടക്കം ആറ് പേർ കൊല്ലപ്പെട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗുരസ് സെക്ടർ മുതൽ ഉറി സെക്ടർ വരെയുള്ള നിയന്ത്രണ രേഖാ മേഖലയിൽ പലയിടങ്ങളിലായാണ് വെടിനിർത്തൽ ലംഘനങ്ങൾ.
ഉറിയിലെ നംബ്ല സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഹാജി പിയർ സെക്ടറിൽ ബിഎസ്‌എഫ് സബ് ഇൻസ്പെക്ടർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
Watch: Heavy shelling from Pakistan troops in Kupwara’s Tangdhar village pic.twitter.com/PWXcV3pXMu
— The Indian Express (@IndianExpress) November 13, 2020
ബാരാമുള്ള ജില്ലയിലെ ഉറി പ്രദേശത്തെ കമാൽകോട്ട് സെക്ടറിൽ രണ്ട് സിവിലിയന്മാർ കൊല്ലപ്പെടുകയും ഉറിയിലെ ഹാജി പിയർ സെക്ടറിലെ ബാൽക്കോട്ട് പ്രദേശത്ത് ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഉറിയിലെ വിവിധ സ്ഥലങ്ങൾക്ക് പുറമെ ബന്ദിപ്പോറ ജില്ലയിലെ ഗുരസ് സെക്ടറിലെ ഇസ്മാർഗിലെയും കുപ്വാര ജില്ലയിലെ കെരൺ സെക്ടറിലെയും നിയന്ത്രണ രേഖാ മേഖലകളിലും വെടിനിർത്തൽ ലംഘനം നടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

നിയന്ത്രണ രേഖയിൽ കെരാൻ സെക്ടറിൽ പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായും സൈന്യം അറിയിച്ചു. വെടിനിർത്തൽ ലംഘനത്തിന്റ സഹായത്തോടെയാണ് പാക് സൈന്യം നുഴഞ്ഞുകയറ്റ നീക്കം നടത്തിയതെന്നും സൈന്യം അറിയിച്ചു.
“ഇന്ന് നമ്മുടെ സൈനികർ കെരൻ സെക്ടറിലെ നിയന്ത്രണ രേഖയോടടുത്ത ഫോർവേഡ് പോസ്റ്റുകളിൽ സംശയാസ്പദമായ ചലനങ്ങൾ നിരീക്ഷിച്ചു. നുഴഞ്ഞുകയറ്റ ശ്രമമെന്ന് സംശയിക്കുന്ന സൈനികർ പരാജയപ്പെടുത്തി,” എന്ന് പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയയെ വാർത്താ ഏജൻസി ഉദ്ധരിച്ചു.

“അവർ മോർട്ടാറുകളും മറ്റ് ആയുധങ്ങളും പ്രയോഗിച്ചു,” എന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറുന്നതിനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് വക്താവ് പറഞ്ഞു.
നിയന്ത്രണരേഖയിൽ നിയോഗിച്ച സേനാ സംഘത്തിലെ അംഗമായ രാകേഷ് ഡോവൽ (39) വെള്ളിയാഴ്ച ഉച്ചക്ക് 1.15നുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. കോൺസ്റ്റബിൾ വാസു രാജയ്ക്ക് കൈയ്ക്കും കവിളിനും പരിക്കേറ്റു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സ്ഥിരതയോടെ തുടരുന്നതായും അവർ പറഞ്ഞു.
നിയന്ത്രണ രേഖയിലെ എല്ലാ ബിഎസ്‌എഫ് യൂണിറ്റുകളും രാവിലെ മുതൽ കനത്ത വെടിവയ്പ്പ് നേരിടുന്നുണ്ട്. ഫലപ്രദമായി തിരിച്ചടി നടത്തിയതായി സേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. നവംബർ 7 രാത്രിക്ക് ശേഷം മച്ചിൽ മേഖലയിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടിരുന്നു. അതിൽ മൂന്ന് ആയുധധാരികൾ കൊല്ലപ്പെട്ടിരുന്നു.