ശ്രീനഗർ: ജമ്മു കശ്മീരിലെ സ്ഥിതി ശാന്തമല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കശ്മീർ സന്ദർശനത്തിനായി പോയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സഞ്ചരിച്ച വിമാനത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് നേതാക്കൾ തിരിച്ച വിമാനത്തിൽ വച്ച് കശ്മീർ വാസിയായ ഒരു സ്ത്രീയാണ് തന്റെ സങ്കടം അറിയിച്ച് രാഹുൽ ഗാന്ധിക്ക് മുൻപിലെത്തിയത്.

രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ചേർന്ന് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച വിമാനത്തിലെ യാത്രക്കാരിയായിരുന്നു കശ്മീരി വാസിയായ സ്ത്രീ. ജമ്മു കശ്മീരിലെ സ്ഥിതി സാധാരണനിലയിലല്ല എന്ന് ഇൌ സ്ത്രീ രാഹുൽ ഗാന്ധിയോട് പറയുന്നുണ്ട്. വളരെ വൈകാരികമായാണ് സ്ത്രീ രാഹുൽ ഗാന്ധിയോട് സംസാരിക്കുന്നത്.

ആർട്ടിക്കിൾ 370 നീക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളെല്ലാം സ്ത്രീ രാഹുൽ ഗാന്ധിയോട് പറയുന്നു. പ്രദേശവാസികൾ വീട്ടുതടങ്കലിലായ സാഹചര്യവും ഇപ്പോഴും തുടരുന്ന അരക്ഷിതാവസ്ഥയും രാഹുൽ ഗാന്ധിയോട് പങ്കുവയ്ക്കുന്നു. “ഞങ്ങളുടെ കുട്ടികൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. ഓഗസ്റ്റ് അഞ്ച് മുതൽ താഴ്‌വര അശാന്തമാണ്. എന്റെ സഹോദരന് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ട്. എന്നാൽ, അദ്ദേഹത്തിന് കഴിഞ്ഞ പത്ത് ദിവസമായി ഡോക്ടറെ കാണാൻ പോലും പറ്റാത്ത സാഹചര്യമാണ്. ഞങ്ങൾ ആകെ പ്രശ്നത്തിലാണ് ” – വീഡിയോയിൽ സ്ത്രീ പറയുന്നു.

Also Read: ജമ്മു കശ്മീരിലെ സ്ഥിതി സാധാരണ നിലയിലല്ല: രാഹുല്‍ ഗാന്ധി

കാര്യങ്ങൾ പറയുന്നതിനിടെ സ്ത്രീ പൊട്ടിക്കരയുകയും സ്വരമുയർത്തി സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ഏറെ ക്ഷമയോടെ സ്ത്രീ പറയുന്നതെല്ലാം കേൾക്കുന്നുണ്ട്. രാഹുൽ ഗാന്ധി സ്ത്രീയുടെ കൈകൾ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

പ്രതിപക്ഷ നേതാക്കളടങ്ങുന്ന സംഘത്തെ ശ്രീനഗറില്‍ നിന്ന് തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് പോകാന്‍ നേതാക്കളെ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ തിരിച്ചയക്കുകയായിരുന്നു. പ്രതിപക്ഷ നേതാക്കളെല്ലാം ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിക്കൊപ്പം സിപിഐ സെക്രട്ടറി ഡി.രാജ, സിപിഎം സെക്രട്ടറി സീതാറം യെച്ചൂരി, ശരദ് യാദവ്, ഗുലാം നബി ആസാദ്, കെ.സി.വേണുഗോപാൽ തുടങ്ങി 12 ഓളം നേതാക്കളാണ് ഉണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook