ന്യൂഡല്‍ഹി: കശ്മീരി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഹര്‍ ഗീലാനിയെ ജര്‍മനി യാത്രയില്‍ നിന്ന് തടഞ്ഞു. വിമാനത്താവളത്തിലെത്തിയ ശേഷമാണ് ഗീലാനിയെ തടഞ്ഞത്. ജര്‍മനിയില്‍ പോകാനായി വിമാനത്താവളത്തിലെത്തിയ തന്നെ അധികൃതര്‍ തടയുകയായിരുന്നു എന്ന് ഗീലാനി ആരോപിച്ചു. ജര്‍മന്‍ പബ്ലിക് ബ്രോഡ്‌കാ‌സ്‌റ്ററായ ‘ഡച്ച് വെല്ലെ’ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായാണ് ഗീലാനി ജര്‍മനിയിലേക്ക് തിരിച്ചത്. എന്നാല്‍, വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് യാത്ര തുടരാന്‍ സാധിച്ചില്ല.

ഡച്ച് വെല്ലെയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗീലാനി. അദ്ദേഹം നേരത്തെയും ഇത്തരം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെയാണ് ഇത്തവണ കോണ്‍ഫറന്‍സ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് ഗീലാനി യാത്ര തിരിച്ചത്. ഐജിഐ വിമാനത്താവളത്തില്‍ വച്ച് അദ്ദേഹത്തെ തടയുകയായിരുന്നു.

Read Also: കശ്മീർ വിഷയം: ഇന്ത്യയുമായി ഒരു സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ

ചെക്ക് ഇന്‍ കഴിഞ്ഞ ശേഷം ഒരു ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ച് യാത്ര റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ഗീലാനി പറയുന്നു. അഭിഷേക് എന്നാണ് ഓഫീസറുടെ പേര്. ചെക്ക് ഇന്‍ കഴിഞ്ഞ ശേഷം എന്നെ ഒരു റൂമിലേക്ക് കൊണ്ടുപോയി. ഗീലാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളതായി ആ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞു എന്ന് ഗീലാനി പറയുന്നു.

എന്തുകൊണ്ട് തന്നെ തടയുന്നു എന്നതില്‍ വിശദീകരണം വേണമെന്ന് ഗീലാനി ആവശ്യപ്പെട്ടു. എന്നാല്‍, വിശദീകരണങ്ങളൊന്നും എഴുതി നല്‍കാന്‍ സാധിക്കില്ല എന്നായിരുന്നു ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് തന്നെ പോകാന്‍ അനുവദിക്കാത്തതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞെന്നും ഗീലാനി വ്യക്തമാക്കി.

ഇമിഗ്രേഷന്‍ അധികൃതര്‍ക്കൊപ്പമാണ് ഗീലാനി ഇപ്പോള്‍ ഉള്ളത്. ഇന്റലിജൻസ് ബ്യൂറോയുടെ അഭ്യര്‍ത്ഥന പ്രകാരം ഗീലാനിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് ഐജിഐ വിമാനത്താവള അധികൃതര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പ്രതികരിച്ചു. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഗീലാനിയെ ചോദ്യം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook