ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യ. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും യുഎന്‍ കൗണ്‍സിലില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ മറുപടി നല്‍കി. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി ആഭ്യന്തര വിഷയമാണെന്ന് ആവര്‍ത്തിക്കുകയാണ് ഇന്ത്യ ചെയ്തത്.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് ജമ്മു കശ്മീരില്‍ ഇന്ത്യ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തിനും സാധിക്കില്ലെന്നും ഇന്ത്യ കൗണ്‍സിലില്‍ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു വരികയാണെന്നും ഇന്ത്യ പറഞ്ഞു.

Read Also: ജീവന്‍ വച്ച് കളിക്കാനില്ല; പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍

ഒരു വശത്ത് ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാന്‍ മറുവശത്ത് തീര്‍ത്തും വ്യാജവും അടിസ്ഥാന രഹിതവുമായ കള്ളക്കഥകള്‍ മെനയുകയാണെന്നും ഇന്ത്യ പറഞ്ഞു. കശ്‌മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ ഉടൻ നടക്കുമെന്നും ഇന്ത്യ അറിയിച്ചു.

പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തിലും ഇന്ത്യ പ്രതികരിച്ചു. തീര്‍ത്തും സുതാര്യവും വിവേചനരഹിതവുമായ നിയമപ്രക്രിയയാണ് പരത്വ രജിസ്റ്ററില്‍ നടന്നതെന്ന് ഇന്ത്യ പറഞ്ഞു. ഇത് രാജ്യത്തെ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് നടന്നത്. ഇത് നടപ്പാക്കുന്നതിനുള്ള എല്ലാ ചട്ടങ്ങളും രാജ്യത്തെ ഭരണഘടനയും ജനാധിപത്യ കീഴ്‍വഴക്കങ്ങളും പ്രകാരമായിരിക്കും. മനുഷ്യാവകാശം സംരക്ഷിക്കാൻ എന്നും ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ പറഞ്ഞു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനമാണ് നേരത്തെ ഉന്നയിച്ചത്. ജമ്മു കശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനം എന്ന് പരാമര്‍ശിച്ചായിരുന്നു പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വിമർശനമുന്നയിച്ചത് എന്നതും ശ്രദ്ധേയമാണ്. പ്രസംഗത്തിനിടെയാണ് ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ എന്ന വിശേഷണം പാക്ക് മന്ത്രി നടത്തിയത്.

Read Also: കശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാക്ക് മന്ത്രി

“ജമ്മു കശ്മീരില്‍ എല്ലാ കാര്യങ്ങളും സാധാരണ ഗതിയിലായി എന്ന് കാണിക്കാനാണ് ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നത്. കശ്മീരിലെ ജീവിതാവസ്ഥ സാധാരണ നിലയിലായി എന്ന് ഇന്ത്യ അവകാശപ്പെടുന്നു. എങ്കില്‍, എന്തുകൊണ്ടാണ് അന്തര്‍ദേശീയ മാധ്യമങ്ങളെ പോലും ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരിലേക്ക് പോകാന്‍ അവര്‍ അനുവദിക്കാത്തത്?” ഖുറേഷി പ്രസംഗത്തിനിടെ പറഞ്ഞു.

കശ്മീരിലെ സ്ഥിതി വളരെ മോശമാണെന്നാണ് പാക്കിസ്ഥാന്‍ യുഎന്നില്‍ ആരോപിക്കുന്നത്. കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പാക്കിസ്ഥാന്‍ ആരോപിക്കുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ പ്രതിരോധത്തിലാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ പുതിയ നീക്കം നടത്തുകയാണ് പാക്കിസ്ഥാന്‍ ഇതുവഴി ചെയ്യുന്നത്. നിയമവിരുദ്ധമായ ഇടപെടലാണ് ഇന്ത്യ കശ്മീരില്‍ നടത്തിയതെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് നീതി നടപ്പിലാക്കി കൊടുക്കാന്‍ ഐക്യരാഷ്ട്രസഭ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവും പാക്കിസ്ഥാന്‍ ഉയര്‍ത്തിയിട്ടുണ്ട്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook