ശ്രീനഗര്‍: ബരാമുള്ളയിലെ ക്രീരിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഷിറാസ് സര്‍ഗര്‍ പീഡനത്തിനിരയായ കുട്ടിയുടെ അധ്യാപകനാണ്.
ഏപ്രില്‍ 14-ാം തീയതി പഠാനിലെ ക്ലിനിക്കില്‍ കുട്ടി അദ്ധ്യാപകനുമൊത്ത് ഗര്‍ഭച്ഛിദ്രം നടത്താന്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷണം ആരംഭിക്കുന്നതുമെന്ന് ബരാമുള്ള പൊലീസ് സൂപ്രണ്ട് ഇംതിയാസ് ഹുസൈന്‍ മിര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കുട്ടിയുടെ അയല്‍വാസി കൂടിയാണ് അദ്ധ്യാപകന്‍.
“പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് അദ്ധ്യാപകന്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സമ്മതം നിയമപരമായി സാധുതയുള്ളതല്ല. സ്കൂളില്‍ കുട്ടിയുടെ രക്ഷകര്‍ത്താവ് കൂടിയാണ് 28നും 30നും ഇടയില്‍ പ്രായമുള്ള അദ്ധ്യാപകന്‍” പൊലീസ് പറഞ്ഞു.
രൺബീര്‍ പീനല്‍ കോഡ് സെഷന്‍ 376 (ബലാത്സംഗം), 315 (ഗര്‍ഭച്ഛിദ്രം) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ പതിനഞ്ച് മുതല്‍ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ തീര്‍ത്ത കത്തുവ പെണ്‍കുട്ടിയുടെ കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും പിന്നാലെയാണ് കശ്മീരില്‍ നടന്ന വേറെയും പീഡനങ്ങള്‍ പുറത്തുവരുന്നത്. കശ്മീരിലെ രംബന്‍ ജില്ലയില്‍ പതിനാലുകാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായും വാര്‍ത്ത വന്നിരുന്നു. ഏപ്രില്‍ പന്ത്രണ്ടാം തീയതി റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.